| Tuesday, 25th November 2025, 3:54 pm

കുട്ടികളെ എസ്.ഐ.ആര്‍ വൊളണ്ടിയര്‍മാരാകാന്‍ വിടില്ല: വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ വിടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കുട്ടികളെ ഇത്തരം ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കരുതെന്നും പരീക്ഷ അടുത്തിരിക്കെ മറ്റു പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും തീരുമാനത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച്, പഠന സമയത്ത് വിദ്യാര്‍ത്ഥികളെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി വിടാന്‍ സാധിക്കില്ല. പ്രത്യേകിച്ച് എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കാന്‍ കഴിയില്ല.

നിലവില്‍ സംസ്ഥാനത്തെ ഭൂരിഭാഗം സ്‌കൂളുകളിലെയും അധ്യാപകര്‍ എസ്.ഐ.ആറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അര്‍ധവാര്‍ഷിക പരീക്ഷ നടക്കാനിരിക്കെ അധ്യാപകരുടെ അസാന്നിധ്യം കേരളത്തിലെ സ്‌കൂളുകളില്‍ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം. വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിക്കാതെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം, സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ)യ്ക്ക് നല്‍കാനുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അനുവദിക്കണമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി സമഗ്രശിക്ഷയ്ക്കുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. വലിയൊരു ഇടവേളയ്ക്ക് ശേഷം 2025 നവംബര്‍ മാസത്തിലാണ് ഫണ്ട് ലഭ്യമായത്. 2025-26 വര്‍ഷത്തില്‍ അനുവദിച്ചിട്ടുള്ള 456 കോടി രൂപയില്‍, ഒന്നാം ഗഡുവായ 92.41 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ റിലീസ് ചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള ഫണ്ടും ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫണ്ടും അടിയന്തരമായി അനുവദിക്കാന്‍ കേന്ദ്രത്തിന് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ 2023-24 മുതല്‍ ഈ ഇനത്തില്‍ മാത്രം 440.87 കോടി രൂപ കേരളത്തിന് ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.

2023-24 വര്‍ഷത്തെ മൂന്നാം ഗഡു മുതല്‍ ഈ അധ്യയനവര്‍ഷത്തേത് ഉള്‍പ്പെടെ ആകെ 1158 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് മൊത്തത്തില്‍ ലഭിക്കാനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

Content Highlight: Children will not be allowed to become SIR volunteers: V. Sivankutty

We use cookies to give you the best possible experience. Learn more