ഖാർത്തും: സുഡാനിലെ എൽ ഫാഷറിൽ നിന്നും പലായനം ചെയ്ത കുട്ടികൾ ഒറ്റപ്പെട്ടതായി റിപ്പോർട്ട്. ആർ.എസ്.എഫിന്റെ ആക്രമണത്തിന് ശേഷം ഏകദേശം 400 കുട്ടികൾ മാതാപിതാക്കളില്ലാതെ വടക്കൻ ഡാഫറിലെ തവിലയിൽ എത്തിയെന്ന് മാനുഷിക സംഘടനയായ നോർവീജിയൻ അഭയാർത്ഥി കൗൺസിൽ റിപ്പോർട്ട് ചെയ്യുന്നു.
400 ഓളം കുട്ടികൾ അനാഥരായി എത്തിയിട്ടുണ്ടെന്നും എന്നാൽ യഥാർത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നും സംഘടന പറഞ്ഞു.
മരുഭൂമിയിലൂടെ ദിവസങ്ങളോളം നടന്നതിന് ശേഷം വളരെ ക്ഷീണത്തോടെയും ദുഃഖത്തോടെയുമാണ് തവിലയിലേക്ക് കുട്ടികൾ എത്തുന്നതെന്നും സംഘടന വ്യക്തമാക്കി.
‘പലരും സായുധ സംഘങ്ങളിൽ നിന്നും ഓടി വന്നതോ വഴിയിൽ നിന്നും കണ്ടുമുട്ടിയതോ ആവാം. പേടിച്ചാണ് അവർ ഇവിടെ എത്തുന്നത്. പലായനത്തിനിടയിൽ പലരും മാതാപിതാക്കളിൽ നിന്നും വേർപിരിയുന്നു. അതേസമയം മറ്റുള്ളവരുടെ മാതാപിതാക്കൾ കൊല്ലപ്പെടുകയോ തടങ്കലിൽ അടയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്,’ സംഘടന പറഞ്ഞു.
സുഡാനിലെ ആർ.എസ്.എഫിന്റെ ഉപരോധത്തെ തുടർന്ന് ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ സാധനങ്ങൾ എന്നിവ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
അഭയാർത്ഥി ക്യാമ്പിൽ എത്തിച്ചേർന്ന കുട്ടികളുടെ ദേഹത്ത് പരിക്കേറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും സംഘടനയിലെ ഒരു അദ്ധ്യാപിക പറഞ്ഞെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
അതേസമയം എൽ ഫാഷറിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാർ കൂടുതലായി എത്തുന്നതിനാൽ ക്യാമ്പുകൾ നിറഞ്ഞെന്ന് ചില മാനുഷിക സംഘടനകളും പറഞ്ഞു.
അതേസമയം സുഡാനിലെ സാഹചര്യം വളരെ മോശമാകുകയാണെന്നും സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്‌തെന്നും യു.എൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കുടിയിറക്കപ്പെടുന്ന കുട്ടികൾ യുദ്ധത്തിൽ പോരാളികളായി റിക്രൂട്ട് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ദർ പറഞ്ഞിരുന്നു.
Content Highlight: Children who fled El Fasher, Sudan, are isolated, says Norwegian Refugee Council report