| Thursday, 26th November 2026, 9:04 am

കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ കളിപ്പാവകളല്ല: സുപ്രീം കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ കളിപ്പാവകളല്ലെന്നും അവരോട് തോന്നുന്ന രീതിയില്‍ പെരുമാറാന്‍ കഴിയില്ലെന്നും സുപ്രീം കോടതി. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളുടെ നിര്‍ണായകാവകാശം സംബന്ധിച്ച വിവാഹമോചിതരായ മാതാപിതാക്കളുടെ ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.

കുഞ്ഞുങ്ങളുടെ ക്ഷേമം മാതാപിതാക്കളുടെ അവകാശങ്ങള്‍ക്ക് മുകളിലാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്വാഭാവിക രക്ഷിതാവ് എന്ന നിലയില്‍ പിതാവിനാണ് കുട്ടികളുടെ സംരക്ഷണാവകാശം ലഭിക്കേണ്ടതെന്ന നിയമം എല്ലായ്‌പ്പോഴും അപവാദങ്ങള്‍ക്ക് വിധേയമാണെന്നും അത് സാര്‍വ്വത്രികമായി ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിതാവ് യോഗ്യനാണെങ്കില്‍ പോലും, ഇത്തരം കേസുകള്‍ കേവലം നിയമത്തിന്റെ സാങ്കേതികത്വത്തില്‍ മാത്രം ഒതുക്കാതെ കുട്ടികളുടെ വൈകാരികവും മാനസികവുമായ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് തീരുമാനിക്കേണ്ടത്.

മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ ബെഞ്ച് കുട്ടികളുമായി നേരിട്ട് സംസാരിച്ചു. 2014 മുതല്‍ മാതാവിനും അവരുടെ മാതാപിതാക്കള്‍ക്കുമൊപ്പമാണ് തങ്ങള്‍ താമസിക്കുന്നതെന്നും, കുട്ടിക്കാലത്ത് രണ്ട് വര്‍ഷം മാത്രമാണ് പിതാവിനൊപ്പം കഴിഞ്ഞതെന്നും കുട്ടികള്‍ കോടതിയെ അറിയിച്ചു. ആകെ നാലോ അഞ്ചോ തവണ മാത്രമാണ് പിതാവിനെ കണ്ടിട്ടുള്ളതെന്നും അമ്മയോടൊപ്പം തുടരാനാണ് താത്പ്പര്യമെന്നും അവര്‍ വ്യക്തമാക്കി.

കുട്ടികള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയും ആത്മവിശ്വാസവുമുണ്ടെന്ന് നിരീക്ഷിച്ച കോടതി അവരുടെ ഇഷ്ടത്തിന് മുന്‍ഗണന നല്‍കി. കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് പിതാവിന്റെയും മാതാപിതാവിന്റെയും സ്‌നേഹം ആവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി, എല്ലാ മാസവും രണ്ടാമത്തെ ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ കുട്ടികളെ കാണാന്‍ പിതാവിന് അനുമതി നല്‍കി. കുട്ടികളുടെ ഭാവി വിദ്യാഭ്യാസ ചെലവുകളില്‍ മാതാവ് ആവശ്യപ്പെടുന്ന പക്ഷം പിതാവ് പങ്കുചേരണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

Content Highlight: Children are not their parents’ playthings: Supreme Court

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more