| Tuesday, 22nd April 2025, 9:31 am

രാജ്യതലസ്ഥാനത്ത് കുട്ടികളെ കടത്തുന്നത് വര്‍ധിക്കുന്നു, സ്ഥിതി വഷളാണ്, ഉടന്‍ കര്‍ശനനടപടി സ്വീകരിക്കണം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന റാക്കറ്റുകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ദല്‍ഹിയില്‍ കുട്ടികളെ കടത്തിക്കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട് സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതായി കാണുന്നുവെന്നും കുട്ടികളെ കടത്തുന്ന റാക്കറ്റിന് പിന്നിലുള്ള ആളുകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സുപ്രീം കോടതി ദല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ജെ.ബി പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിര്‍ദേശം.

ദല്‍ഹിയിലെ ദ്വാരക പ്രദേശത്ത് നിരവധി നവജാത ശിശുക്കളെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയായ പൂജയെയും കാണാതായ കുട്ടികളെയും കണ്ടെത്തി പ്രതിക്കെതിരെ ആക്ഷനെടുക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ആ കുട്ടികള്‍ എവിടയെത്തുമെന്ന് നിങ്ങള്‍ക്കറിയില്ലെന്നും ഒരു പെണ്‍കുട്ടിയുടെ കാര്യമെടുക്കുമ്പോള്‍ അവരെ എവിടെയൊക്കെ എത്തിക്കുമെന്ന് നിങ്ങള്‍ക്കറിയാമെന്ന് പറഞ്ഞ കോടതി നിര്‍ഭാഗ്യവശാല്‍ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ തന്നെ അവരെ വിറ്റതായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

നാല് ആഴ്ചകള്‍ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് സ്വീകരിച്ച നടപടികളില്‍ അന്ന് വിശദീകരണം ഹാജരാക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

നീതിക്ക് വേണ്ടിയുള്ള സമൂഹത്തിന്റെ ആവശ്യം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും നിയമവാഴ്ചയുടെ കീഴിലുള്ള സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തിയുടെ ജീവിതം നിയന്ത്രിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

ദല്‍ഹിയിലുടനീളമുള്ള മനുഷ്യക്കടത്തിന്റെ വിശകലനത്തില്‍ കാലക്രമേണ കേസുകള്‍ വര്‍ധിക്കുന്നതിനൊപ്പം വലിയ തോതില്‍ മനുഷ്യക്കടത്തും വ്യാപിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത് ആശങ്കാജനകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വാരണാസിയില്‍ നിന്നും അന്തര്‍സംസ്ഥാനങ്ങളിലേക്ക് കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. പിന്നാലെ അന്നത്തെ ദിവസം തന്നെ ദല്‍ഹിയില്‍ കുട്ടികളെ കടത്തുന്നുവെന്ന പത്രവാര്‍ത്തയില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

Content Highlight: Child trafficking is increasing in the national capital, the situation is worsening, strict action should be taken immediately: Supreme Court

We use cookies to give you the best possible experience. Learn more