| Saturday, 23rd August 2025, 11:19 am

രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖ: വാസ്തവമറിയാന്‍ ബാലാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നുവെന്ന രീതിയില്‍ പ്രചരിച്ച ശബ്ദസന്ദേശത്തിന്റെ വസ്തുത തേടാന്‍ ബാലാവകാശ കമ്മീഷന്‍. സന്ദേശത്തിന്റെ ആധികാരികത അടക്കം ബാലാവകാശ കമ്മീഷന്‍ വിശദമായി പരിശോധിക്കും. പൊലീസിനോടാകും ബാലാവകാശ കമ്മീഷന്‍ വസ്തുത തേടുക.

ആരോപണം ഉയര്‍ത്തിയ യുവതിയാരെന്നും ഭ്രൂണഹത്യക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രേരിപ്പിച്ചോ? ഭ്രൂണഹത്യ നടന്നോ എന്നതടക്കമുള്ള കാര്യങ്ങളും ബാലാവകാശ കമ്മീഷന്‍ വിശദമായി പരിശോധിക്കും. ശബ്ദ സന്ദേശത്തിന്റെ വസ്തുത സംബന്ധിച്ച് പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന രീതിയില്‍ ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ ജോസഫായിരുന്നു ബാലാവകാശ കമ്മീഷന് പരാതി നല്‍കിയത്. പ്രചരിക്കുന്ന ശബ്ദസന്ദേശം കേസെടുക്കാന്‍ പര്യാപ്തമുള്ളതാണെന്നും അഭിഭാഷകന്‍ ചണ്ടിക്കാണിച്ചിരുന്നു.

ഇതിന്റെ തുടര്‍നടപടിയാണ് ബാലാവകാശ കമ്മീഷന്‍ കെ.വി. മനോജ് കുമാര്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി ഇതുവരെ പരാതി നല്‍കിയിട്ടില്ല. യുവതി പരാതി നല്‍കുന്ന പക്ഷം കേസെടുക്കാനാണ് തീരുമാനം.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും കേസെടുക്കുന്ന നടപടിയിലേക്ക് കടന്നിട്ടില്ല. നിയമോപദേശം തേടിയ ശേഷം തുടര്‍നടപടി മതിയെന്നാണ് നിലവിലെ തീരുമാനം.

വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ യുവതിയോട് ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്ന വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളും ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ തെളിവും നേരത്തെ പുറത്തുവന്നിരുന്നു.

ഗര്‍ഭഛിദ്രത്തിനായി രാഹുല്‍ മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതായും എന്നാല്‍ മരുന്ന് കഴിച്ചാലുണ്ടാകാനിടയുള്ള അമിത രക്തസ്രാവം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് യുവതി പറയുന്നതായും ചാറ്റില്‍ കാണാം. ശേഷം ചാറ്റിനിടെ യുവതിയോട് രാഹുല്‍ മരുന്ന് കഴിച്ചോ എന്ന് വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ചോദിക്കുന്നുമുണ്ട്.

തുടക്കത്തില്‍ വാട്‌സ്ആപ്പ് മുഖേനയാണ് ഇരുവരും ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നത്. പിന്നീട് യുവതിയോട് ടെലഗ്രാമിലേക്ക് വരാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെടുന്നതായും ചാറ്റില്‍ കാണാം. തുടര്‍ന്ന് ടെലഗ്രാമിലൂടെയാണ് ഇരുവരും സന്ദേശങ്ങള്‍ അയച്ചത്.

ടെലഗ്രാമിലെ സന്ദേശങ്ങളിലാണ് രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിനായി നിര്‍ബന്ധിക്കുന്നത്. ആദ്യം രാഹുലേട്ടന്‍ എന്ന പേരില്‍ സേവ് ചെയ്തിരിക്കുന്ന കോണ്‍ടാക്ടിലേക്കാണ് യുവതി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. ടെലഗ്രാമിലൂടെ നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും പുറത്ത് വന്നിരുന്നു.ഹു കെയേഴ്‌സ് എന്ന നിലപാടോട് കൂടി തന്നെയാണ് രാഹുല്‍ യുവതിയുമായി ചാറ്റ് ചെയ്തിരിക്കുന്നത്.

Content Highlight: Child Rights Commission to investigate audio recording of Rahul forcing to have an abortion

We use cookies to give you the best possible experience. Learn more