| Friday, 11th September 2026, 4:45 pm

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണം: നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

ദേവിക ജയചന്ദ്രന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിന്റെ മരണത്തിനുപിന്നാലെ സോഷ്യല്‍ മീഡിയ വഴി നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ വേദനാജനകമാണ്. നമ്മെ വിട്ടുപിരിഞ്ഞ മാധ്യമപ്രവര്‍ത്തകനെതിരെ എന്നല്ല, ഒരു മനുഷ്യനെതിരെയും അസത്യങ്ങളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന സംസ്‌കാരത്തിന് തീരാക്കളങ്കമാണെന്ന് അദ്ദേഹം കുറിച്ചു.

മുഖമുള്ളതും ഇല്ലാത്തതുമായ ഐ.ഡികളില്‍ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ ഏത് മാനവികതയെപ്പറ്റിയാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.

മുന്‍കാലങ്ങളില്‍ അദ്ദേഹം ചെയ്ത അന്വേഷണാത്മക വാര്‍ത്തകളുടെ പേരിലുള്ള രാഷ്ട്രീയവൈരാഗ്യമാണ് അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നുള്ളത് ഗൗരവമായ വിഷയമാണ്. ഒരു മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യ നിര്‍വഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല.

ഇക്കാര്യത്തില്‍ എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വിഷയം അതീവഗൗരവത്തില്‍ പരിഗണിക്കും. കുറ്റക്കാര്‍ക്കെതിരെ ഒരു വിട്ടു വീഴ്ചയുമില്ലാതെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിന്റെ അപ്രതീക്ഷിത വേര്‍പാടിന് പിന്നാലെ, അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണ്.
നമ്മെ വിട്ടുപിരിഞ്ഞ ഒരു മാധ്യമ പ്രവര്‍ത്തകനെതിരെയെന്നല്ല, ഏത് മനുഷ്യനെതിരെയുമാകട്ടെ, ഇത്തരത്തില്‍ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്‌കാരത്തിന് തന്നെ തീരാക്കളങ്കമാണ്. മുഖമുള്ളതും ഇല്ലാത്തതുമായ ഐ.ഡികളില്‍ നിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്ത് മാനവികതയെ കുറിച്ചാണ് പറയുന്നത്? എന്ത് മാനുഷിക മൂല്യങ്ങളെ കുറിച്ചാണ് പറയുന്നത്?

മുന്‍കാലങ്ങളില്‍ അദ്ദേഹം നല്‍കിയ അന്വേഷണാത്മക വാര്‍ത്തകളുടെ പേരിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഈ അധിക്ഷേപങ്ങള്‍ക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണ്. ഒരു മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യ നിര്‍വഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെത്തന്നെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല.
എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വിഷയം അതീവ ഗൗരവത്തില്‍ പരിഗണിക്കും. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയുമില്ലാതെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ആര്‍ക്കെതിരെയായാലും ഇത്തരം നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല.

Content Highlight: Chief Minister V D Satheeshan condemns the cyber attack against late journalist Jijo John Puthezhath and his family and orders strict action.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more