| Saturday, 24th October 2026, 10:34 pm

കേരളത്തില്‍ വര്‍ഗീയ വിദ്വേഷത്തിന് സ്ഥാനമില്ല: ഇന്‍ഫ്ലുവന്‍സറുടെ വര്‍ഗീയ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി

ദേവിക ജയചന്ദ്രന്‍

തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷത്തിന് കേരളത്തില്‍ സ്ഥാനമില്ലെന്നും കേരളം ഒറ്റക്കെട്ടായി അതിനെ നേരിടുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍.

ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയേയും പ്രദേശത്തെയും കേന്ദ്രീകരിച്ച് നോര്‍ത്ത് ഇന്ത്യന്‍ ഇന്‍ഫ്ലുവന്‍സര്‍ അമൃത് സിങ് നടത്തിയ വിദ്വേഷ പ്രചാരണത്തെ പരാമര്‍ശിച്ച് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

‘ഫോര്‍ട്ട് കൊച്ചിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും കേരളത്തെ മോശമായി ചിത്രീകരിക്കാനും വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും ശ്രമിക്കുന്ന തരത്തില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരു വ്‌ലോഗര്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ അംഗീകരിക്കാനാവില്ല’, മുഖ്യമന്ത്രി കുറിച്ചു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഭയമോ പക്ഷപാതമോ കൂടാതെ വര്‍ഗീയ സൗഹാര്‍ദവും നീതിയും ഉറപ്പാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചര്‍ത്തു.

‘ദൈവത്തിന്റെ സ്വന്തം നാടിന് പുതിയൊരു യുഗം. വിദ്വേഷത്തിന് ഇവിടെ ഇടമില്ല. നമ്മുടെ വര്‍ഗീയ സൗഹാര്‍ദത്തിന് നേരെ കൈവെയ്ക്കാന്‍ പോലും ആരെയും അനുവദിക്കില്ല’, കുറിപ്പില്‍ പറയുന്നു.

ഹിന്ദുമതവുമായി ബന്ധപ്പെട്ട കാശി എന്ന പുണ്യസ്ഥലത്തിന്റെ പേരുള്ള ആര്‍ട്ട് കഫേയില്‍ പരസ്യമായി ബീഫ് വില്‍ക്കുന്നുണ്ടെന്നും, പ്രസ്തുത പ്രദേശത്ത് മുസ്‌ലിം വിഭാഗക്കാര്‍ കൂടുതലായി വസിക്കുന്നതുകൊണ്ടാണ് ഇതെന്നുമാണ് ഇന്‍ഫ്ലുവന്‍സര്‍ പറഞ്ഞത്.

കൂടാതെ കഫേയ്ക്കുള്ളില്‍ ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ജിന്നയുടെ ചിത്രങ്ങളും പ്രതിമയും സ്ഥാപിച്ചിട്ടുണ്ടെന്നുംകഫേയുടെ പേര് മാറ്റി ‘കറാച്ചി ആര്‍ട്ട് കഫേ’ എന്ന് ആക്കണമെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

സംഭവത്തില്‍ കൊച്ചി അമരാവതി സ്വദേശിയായ ജൂഡ് വിപിന്റെ പരാതിയിന്മേല്‍ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlight: Chief Minister V D Satheesan says Keralam won’t tolerate communal hatred.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more