തിരുവനന്തപുരം: കിഫ്ബിക്ക് പിന്നാലെ കേരള ബാങ്കിനെയും തകർക്കാനാണ് യു.ഡി.എഫ് സർക്കാരും മുഖ്യമന്ത്രി വി.ഡി. സതീശനും ശ്രമിക്കുന്നതെന്ന് മുൻ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്.
കേരളത്തെ ‘റമിറ്റൻസ് ഇക്കോണമി’യിൽ നിന്ന് ‘ഇൻവെസ്റ്റ്മെൻ്റ് ഇക്കോണമി’യാക്കി മാറ്റുമെന്ന് അവകാശപ്പെടുന്ന യു.ഡി.എഫ്, അതിന് ഏറ്റവും അനുയോജ്യമായ രണ്ട് ഏജൻസികളെയും ഇല്ലാതാക്കാനാണ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
കേരളത്തിലേക്ക് എത്തുന്ന രണ്ട് ലക്ഷം കോടി രൂപയുടെ വിദേശ പണം (റമിറ്റൻസ്) നിലവിൽ വാണിജ്യ ബാങ്കുകളിലേക്കാണ് എത്തുന്നതെന്നും ഇതിന്റെ സിംഹഭാഗവും അവർ കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകുകയാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.
‘ഈ പണം കേരളത്തിലെ വികസനത്തിനായി നിക്ഷേപിക്കാൻ പ്രാപ്തിയുള്ള ബാങ്ക് എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ബാങ്കായ കേരള ബാങ്കിന് നിലവിൽ 70,000 കോടി രൂപയുടെ നിക്ഷേപമുണ്ട്.
പ്രവാസി നിക്ഷേപം (NRI Deposit) സ്വീകരിക്കുന്നതിനുള്ള റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ മറികടക്കുന്നതിന്റെ തൊട്ടടുത്തെത്തി നിൽക്കുകയാണ് ബാങ്ക്, നെല്ല് സംഭരണത്തിനും മറ്റുമായി സർക്കാർ നൽകാനുള്ള കുടിശ്ശിക തീർത്താൽ എൻ.ആർ.ഐ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി ലഭിക്കും’ അദ്ദേഹം പറഞ്ഞു.
ഇതോടെ ബാങ്കിന്റെ വായ്പാശേഷി ഒന്നര-രണ്ട് ലക്ഷം കോടി രൂപയായി ഉയർത്താൻ സാധിക്കുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
പശ്ചാത്തല സൗകര്യ വികസനത്തിന് കിഫ്ബി വഴി വിഭവസമാഹരണം നടത്തുകയും, അതിലൂടെ ആകർഷിക്കപ്പെടുന്ന സംരംഭങ്ങളിൽ നിക്ഷേപിക്കാൻ കേരള ബാങ്കിനെ ഉപയോഗിക്കുകയുമാണ് ഇടതുപക്ഷത്തിന്റെ വികസന നയമെന്ന് തോമസ് ഐസക് വിശദീകരിച്ചു.
എന്നാൽ, വേണ്ടത്ര പഠനങ്ങളില്ലാതെ വെറും വാചകമടിയിലൂടെ കഴിഞ്ഞ 10 വർഷം കൊണ്ട് തെളിയിച്ച വികസന പാത തകർക്കാനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ശ്രമിക്കുന്നതെന്നും ഇത് സംസ്ഥാനത്തിന്റെ ഭാവിയോട് ചെയ്യുന്ന വലിയ പാതകമാണെന്നും അദ്ദേഹം വിമർശിച്ചു.
റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ളതിനാൽ കേരള ബാങ്കിനെ പൂർണമായി തകർക്കാൻ എളുപ്പമാകില്ലെങ്കിലും, ബാങ്കിന്റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ മുഖ്യമന്ത്രിക്ക് പ്രയാസമുണ്ടാകില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
Content Highlight: Chief Minister V.D. Satheesan is attempting to destroy Kerala Bank: Thomas Isaac.