തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ ആരോഗ്യ ടാസ്ക് ഫോഴ്സ് രൂപീകരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര് രൂക്ഷമായി.
സ്വകാര്യ ആശുപത്രികളുടെയും മരുന്ന്-ഇൻഷുറൻസ് കുത്തകകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ആരോഗ്യ മേഖലയെ സ്വകാര്യവത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു.
എന്നാൽ, ലോകോത്തര ചികിത്സാ രീതികൾ കേരളത്തിലും ലഭ്യമാക്കാനായി രാജ്യത്തെ ഏറ്റവും പ്രമുഖരായ മെഡിക്കൽ-ഭരണ വിദഗ്ധരെ ഉൾപ്പെടുത്തിയാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചതെന്നും പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിലാണ് സഭയിൽ ചർച്ച നടന്നത്.
കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനസ് ആൻഡ് ലോഞ്ചെവിറ്റി ടാസ്ക് ഫോഴ്സ് എന്ന പേരിൽ രൂപീകരിച്ച സമിതി വഴി കോർപ്പറേറ്റ് മുതലാളിത്തത്തിന് കേരളത്തിന്റെ ആരോഗ്യമേഖലയെ തീറെഴുതിക്കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.
വിദേശ-സ്വദേശ രോഗികളെ വൻകിട കോർപ്പറേറ്റ് ആശുപത്രികളിലേക്ക് എത്തിക്കുന്ന ഇടനിലക്കാരായി പ്രവർത്തിക്കുന്ന ജി.ടി.സി.ഐ ഹെൽത്ത് കെയർ വെഞ്ചേഴ്സ് പോലുള്ള സ്വകാര്യ ഏജൻസികളുടെ പ്രതിനിധികളെയാണ് ടാസ്ക് ഫോഴ്സിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. വിരമിച്ച ശേഷം കോർപ്പറേറ്റ് ആരോഗ്യ മേഖലയിലെ ഏജൻസിയായ ജി.ടി.സി.ഐയുടെ നേതൃത്വത്തിൽ കച്ചവട താത്പര്യങ്ങളോടെ പ്രവർത്തിക്കുന്ന യു.പി മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാളിനെ എന്തിനാണ് കേരളത്തിന്റെ ആരോഗ്യനയം രൂപീകരിക്കാൻ ചുമതലപ്പെടുത്തിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.
മനുഷ്യന്റെ രോഗത്തെയും ജീവനെയും ലാഭം കൊയ്യാനുള്ള ചരക്കാക്കുന്ന സംവിധാനങ്ങൾ വരുമ്പോൾ സാധാരണക്കാർക്ക് ചികിത്സ അപ്രാപ്യമാകും. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന കേരളത്തിലെ സർക്കാർ ആശുപത്രി സംവിധാനങ്ങളെ തകർത്ത് ഇൻഷുറൻസ് പരിരക്ഷയുള്ള സമ്പന്നർക്ക് മാത്രമായി പൊതുജനാരോഗ്യം ചുരുങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ, പ്രതിപക്ഷത്തിന്റേത് സ്ഥിരം ക്ലീഷേ വാചകങ്ങൾ മാത്രമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി. രോഗം വന്ന ശേഷമുള്ള ചികിത്സ എന്ന പരമ്പരാഗത രീതി മാറ്റി, പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയവും പ്രതിരോധവും സാധ്യമാക്കുന്ന ആഗോള ആരോഗ്യ സമീപനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനായി സ്വകാര്യ കുത്തകകളെയല്ല, മറിച്ച് ഇന്ത്യയിലെ ഒന്നാം നമ്പർ കരൾ രോഗവിദഗ്ധനായ പത്മഭൂഷൺ ഡോ. ശിവകുമാർ സരിൻ, പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. എം.വി. പിള്ള, കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യർ, യു.ഡി.എഫ് ഹെൽത്ത് കമ്മീഷൻ മുൻ ചെയർമാനും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. എസ്.എസ്. ലാൽ, പത്മശ്രീ ഡോ. ഹർഷ് മഹാജൻ, തുല വെൽനസ് സെന്റർ സ്ഥാപകൻ ഫൈസൽ കൊട്ടിക്കോളൻ, ആര്യവൈദ്യ ഫാർമസി എം.ഡി ദേവദാസ് വാര്യർ, ഡോ. പ്രതാപ് ചൗഹാൻ, ഡോ. കാഞ്ചേരിയ രവീന്ദ്രനാഥ്, ഡോ. നിഷാ നിഖിൽ, മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാൾ തുടങ്ങിയ രാജ്യം ആദരിക്കുന്ന പ്രഗത്ഭരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മാറുന്ന ജനസംഖ്യാ ഘടനയും വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളും നേരിടാൻ അലോപ്പതി, ആയുർവേദം തുടങ്ങിയ എല്ലാ ചികിത്സാ ശാഖകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്ര സമീപനമാണ് സർക്കാരിന്റേതെന്നും അതിനായി വിജ്ഞാന പങ്കാളികളെ കൂടെനിർത്തുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതോടൊപ്പം, ആറര ലക്ഷത്തോളം രൂപ ചെലവുവരുന്ന എസ്.എം.എ രോഗത്തിനുള്ള മരുന്ന് അന്താരാഷ്ട്ര കുത്തകകളെ മറികടന്ന് വെറും 15,000 രൂപയ്ക്ക് ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞത് ചരിത്രപരമായ ഇടപെടലാണെന്നും ഈ നിരക്ക് 9,000 രൂപയിലേക്ക് ഇനിയും കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇത്തരം ജനക്ഷേമ നടപടികൾക്കെതിരെപ്പോലും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും ആരോഗ്യരംഗത്തെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി അടിയന്തര പ്രമേയം ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു.
Content Highlight:Chief Minister states that services of experts in the healthcare sector are being made available; Leader of the Opposition alleges a move to privatize the healthcare sector.