| Wednesday, 10th September 2025, 7:07 pm

നേപ്പാളില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസാണ് കത്തിലെ വിവരങ്ങൾ പുറത്തുവിട്ടത്.

‘നേപ്പാളിലെ പൊഖ്‌റയില്‍ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവര്‍ ഉള്‍പ്പെടെ കുടുങ്ങി കിടക്കുകയാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവര്‍ താമസിക്കുന്നത്,’ മുഖ്യമന്ത്രി അറിയിച്ചു.

ഈ മേഖലയില്‍ അവര്‍ വീണ്ടും തുടരുന്നത് അതീവ ദുഷ്‌കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

കുടുങ്ങി കിടക്കുന്നവരെ അടിയന്തിരമായി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഇടപെടണം. വിനോദ സഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് കേരളത്തിന്റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാവുമെന്നും മുഖ്യമന്ത്രി കത്തില്‍ അറിയിച്ചു.

അതേസമയം മുളന്തുരുത്തി നിര്‍മല കോളേജിലെ 10 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും നേപ്പാളില്‍ കുടുങ്ങി കിടക്കുകയാണ്. പഠന യാത്രയുടെ ഭാഗമായാണ് ഇവര്‍ നേപ്പാളിലേക്ക് പോയത്. ബൈസെപാട്ടി എന്ന സ്ഥലത്താണ് പത്തംഗ സംഘമുള്ളത്.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂര്‍, മലപ്പുറം ജില്ലയിലെ അരീക്കോട് എന്നിവിടങ്ങളില്‍ നിന്ന് നേപ്പാളിലേക്ക് പോയ നാല്‍പതോളം വിനോദ സഞ്ചാരികള്‍ക്കും കുടുങ്ങി കിടക്കുന്നവരില്‍ ഉള്‍പ്പെടുന്നു. ഞായറാഴ്ചയാണ് ഇവര്‍ നേപ്പാളിലേക്ക് പോയത്.

ജെന്‍ സി പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാള്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ രാജി വെച്ചിരുന്നു. രാജിവെച്ച പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജ്യം വിടുകയും ചെയ്തു. സൈന്യത്തിന്റെ ഹെലികോപ്റ്ററിലാണ് അദ്ദേഹം രാജ്യം വിട്ടത്.

നിലവില്‍ നേപ്പാളിന്റെ നിയന്ത്രണം പൂര്‍ണമായും സൈന്യം ഏറ്റെടുത്തു. ഫേസ്ബുക്ക്, യൂട്യൂബ് അടക്കമുള്ള 26 പ്ലാറ്റ്ഫോമുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് നേപ്പാളില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിച്ചിരുന്നു.

പക്ഷേ നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തിന് ഇതുവരെ അയവുണ്ടായിട്ടില്ല. നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, നേപ്പാള്‍ സുപ്രീം കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് സുശീല കാര്‍കി പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളതായി സൂചനയുണ്ട്. ജെന്‍ സിയാണ് സുശീലയുടെ പേര് നിര്‍ദേശിച്ചതെന്നും വിവരമുണ്ട്.

Content Highlighht: Chief Minister’s letter to the Center, urging the safety of Malayalis stranded in Nepal

We use cookies to give you the best possible experience. Learn more