| Tuesday, 10th November 2026, 11:56 am

കൃത്രിമ വൈദ്യുതി പ്രതിസന്ധിയുണ്ടാക്കി സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം; വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ദുരൂഹം: പി. രാജീവ്

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമമായി വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് സ്വകാര്യ കമ്പനിയുമായി വഴിവിട്ട കരാറുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അസാധാരണ നീക്കം നടക്കുന്നുവെന്ന് മുൻ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.

കള്ളക്കളി കയ്യോടെ പിടിക്കപ്പെട്ടപ്പോൾ സർക്കാർ മലക്കം മറിയുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ യാതൊരുവിധ വൈദ്യുതി ക്ഷാമവുമില്ലെന്ന് റെഗുലേറ്ററി കമ്മീഷന്റെ ഒക്ടോബർ മാസത്തിലെ ഉത്തരവുകളിൽ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 270 മെഗാവാട്ട് വീതവും മാർച്ചിൽ 540 മെഗാവാട്ടും ലഭ്യമാകുമെന്ന കണക്കുകൾ റെഗുലേറ്ററി കമ്മീഷന്റെ 32-ാം ഖണ്ഡികയിൽ കൃത്യമായി പറയുന്നുണ്ട്. എന്നിട്ടും നവംബർ ഒന്നു മുതൽ സംസ്ഥാനത്ത് പവർകട്ട് വരുമെന്ന ഭീതി പരത്തി ജി.എൻ.എ വഴി വൈദ്യുതി വാങ്ങാൻ ആരുടെ നിർദേശപ്രകാരമാണ് നീക്കം നടന്നതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ഫയലുകളും സൂക്ഷ്മമായി പഠിച്ച് ഒപ്പിടുന്ന ആളാണ് താനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി, പബ്ലിക് ഡൊമൈനിലുള്ള റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവുകൾ പോലും പരിശോധിക്കാതെ എന്തിനാണ് ഇത്തരം ഒരു നീക്കത്തിന് നേരിട്ട് മുൻകൈ എടുത്തതെന്നും അദ്ദേഹം ചോദിച്ചു.

‘സാധാരണഗതിയിൽ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് നേരിട്ടെത്തേണ്ട ഫയലുകളല്ല ഇവ. ഹിമാചൽ പ്രൊപ്പോസലുമായി ബന്ധപ്പെട്ട ഫയലിൽ കെ.എസ്.ഇ.ബി ചെയർമാന്റെ തലയിൽ മാത്രം കുറ്റം ചാരി മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. കെ.എസ്.ഇ.ബി ചെയർമാൻ നൽകിയ റിപ്പോർട്ടിന്റെ ഏതാനും ഭാഗങ്ങൾ മാത്രം പുറത്തുവിട്ട് സംശയത്തിന്റെ പുകമറ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്’ രാജീവ് വിമർശിച്ചു.

യൂണിറ്റിന് 8.50 രൂപ നിരക്കിൽ റൗണ്ട് ദ ക്ലോക്ക് വൈദ്യുതി വാങ്ങി പകൽ സമയങ്ങളിൽ അത് വെറും രണ്ട് രൂപയ്ക്കോ അല്ലെങ്കിൽ ഫ്രീ സറണ്ടറായോ ഒഴിവാക്കുമ്പോഴുള്ള ഭീമമായ നഷ്ടം റെഗുലേറ്ററി കമ്മീഷന്റെ മുന്നിലുണ്ട്. കണ്ടിജൻസി ഘട്ടങ്ങളിൽ എനർജി എക്സ്ചേഞ്ച്, ബാങ്കിംഗ് എന്നിവ വഴി കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള റെഗുലേറ്ററി കമ്മീഷന്റെ 78(3) വകുപ്പുകൾ അടക്കമുള്ള ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് അസാധാരണ നീക്കങ്ങൾ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2122 മെഗാവാട്ടിന്റെ ദീർഘകാല കരാറുകൾ (25 വർഷത്തേക്ക് 11 കരാറുകളും 5 വർഷത്തേക്ക് ഒരു കരാറും) ഒപ്പുവെച്ച വിവരങ്ങൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മുൻപുള്ള 460 മെഗാവാട്ടിന്റെ കരാർ റദ്ദാക്കിയത് റെഗുലേറ്ററി കമ്മീഷനായിട്ടും അതിന്റെ പഴി പഴയ സർക്കാരിന്റെ മേൽ ചാർത്തി തെറ്റായ പ്രചാരണം നടത്തുകയാണെന്ന്’ അദ്ദേഹം വിമർശിച്ചു.

സ്വന്തം വകുപ്പിലെ കാര്യങ്ങൾ പത്രം വായിച്ചാണ് അറിഞ്ഞതെന്ന് പറയുന്ന വൈദ്യുതി മന്ത്രിയുടെ പ്രതികരണം സർക്കാരിലെ കൂട്ടുത്തരവാദിത്തമില്ലായ്മയെയാണ് കാണിക്കുന്നത്. വകുപ്പിലെ സുപ്രധാന നീക്കങ്ങൾ വകുപ്പ് മന്ത്രിയോട് ആലോചിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രം നേരിട്ട് കൈകാര്യം ചെയ്യുന്നതിൽ കടുത്ത ദുരൂഹതയുണ്ട്. ഇതിൽ കൂട്ടുകച്ചവടമാണോ അതോ ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഇടപെടലുകളാണോ നടന്നതെന്ന് വ്യക്തമാകാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതുപോലെ മുഖ്യമന്ത്രി മുഴുവൻ രേഖകളും പുറത്തുവിടാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതുപോലെ, ‘നോ ക്യാപ്പ്’ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ഫേസ്ബുക്ക് പേജ് നീക്കം ചെയ്ത വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങളെ പച്ചയായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഹൈക്കോടതി രേഖകൾ വ്യക്തമാക്കുന്നതായും പി. രാജീവ് ചൂണ്ടിക്കാട്ടി.

‘തനിക്ക് മെറ്റയുമായി യാതൊരു ബന്ധവുമില്ലെന്നും താൻ അത്ര വലിയ സംഭവമൊന്നുമല്ലെന്നും പരസ്യമായി പരിഹസിച്ചു സംസാരിച്ച മുഖ്യമന്ത്രിയുടെ സർക്കാർ തന്നെയാണ് കോടതിയിൽ മലക്കം മറിഞ്ഞിരിക്കുന്നത്’എന്ന് അദ്ദേഹം വിമർശിച്ചു.

‘ചില പോസ്റ്റുകളിലെ കമന്റുകൾ നീക്കം ചെയ്യാൻ മാത്രമാണ് അഞ്ചാം എതിർകക്ഷിയായ മെറ്റയോട് ആവശ്യപ്പെട്ടതെന്നാണ് ഗവൺമെന്റ് പ്ലീഡർ ഹൈക്കോടതിയെ അറിയിച്ചത്. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ഇല്ലാതാക്കാൻ അടിയന്തരാവസ്ഥയ്ക്ക് സമാനമായ രീതിയിലാണ് സർക്കാർ മെറ്റയെ ഉപയോഗിച്ചത്. ‘ഇരിക്കാൻ പറഞ്ഞപ്പോൾ കിടന്നു കാല് നക്കുന്ന’ രീതിയിലാണ് മെറ്റ പേജ് തന്നെ അപ്പാടെ പൂട്ടിയതെന്ന്’ രാജീവ് പറഞ്ഞു.

എഴുതിക്കൊടുക്കുന്ന കാര്യങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെടുകയും, പുറത്ത് താൻ ഇതൊന്നും അറിഞ്ഞിട്ടേയില്ലെന്ന് ഭാവിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ യഥാർത്ഥ മുഖമാണ് കോടതിയിലെ സർക്കാർ വിശദീകരണത്തിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Content Highlight: Chief Minister’s intervention in the power deal is suspicious: P. Rajeev.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more