| Wednesday, 3rd September 2025, 7:45 pm

ഗുരുവിന്റെ ആശയങ്ങളെ പകര്‍ത്തി എസ്.എന്‍.ഡി.പിയെ നയിക്കാന്‍ വെള്ളാപ്പള്ളിയ്ക്കാകട്ടെ: പിണറായി വിജയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് എസ്.എന്‍.ഡി.പിയെന്ന പ്രസ്ഥാനത്തെ കൂടുതല്‍ കാലം നയിക്കാന്‍ വെള്ളാപ്പള്ളി നടേശന് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ 30 സംവത്സരം പൂര്‍ത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എസ്.എന്‍.ഡി.പി യോഗം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ഒരു മനുഷ്യന്റെയും മനസ്സ് വേദനിപ്പിക്കാതെ, സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാനാണ് ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തതെന്നും മനുഷ്യത്വത്തിന്റെ പാത വെട്ടിത്തന്ന ഗുരുവിന്റെ വഴികളില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗത്തിന്റെ കഴിഞ്ഞ 3 പതിറ്റാണ്ടിലേറെയുള്ള നേതൃത്വമാണ് വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്നതെന്നും അദ്ദേഹത്തെ ഇന്നിവിടെ ആദരിക്കുന്നത് എല്ലാ അര്‍ത്ഥത്തിലും ഔചിത്യപൂര്‍ണമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘എസ്.എന്‍.ഡി പി യോഗം ജനറല്‍ സെക്രട്ടറി, എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി ഇത്തരം പദവികളില്‍ കഴിഞ്ഞ 30 ദശാബ്ദമായി അദ്ദേഹം തുടരുന്നു എന്നത് ചെറിയ കാര്യമല്ല. ഒരു ഒരു പ്രസ്ഥാനത്തെ നിരന്തരമായി മുന്നോട്ടു നയിക്കാനും, അതിന്റെ ലക്ഷ്യങ്ങള്‍ നേടാനും, പുതിയ തലമുറയ്ക്ക് വഴികാട്ടാനും ഒരു നേതാവിന് എത്രത്തോളം ദൃഢനിശ്ചയം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി കാണിച്ചുതരുന്നുണ്ട്.

ഈ സംഘടനയെ ശക്തമായ ഒരു സാമ്പത്തിക ശക്തിയാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം കാണിച്ച ദീര്‍ഘവീക്ഷണവും പ്രായോഗിക ബുദ്ധിയും അഭിനന്ദനാര്‍ഹമാണ്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ലഭിക്കുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ സാമൂഹികനീതി നടപ്പാക്കപ്പെടുക എന്ന ഗുരുവിന്റെ ദര്‍ശനങ്ങളെ പ്രാവര്‍ത്തികമാക്കുന്നതിലും അദ്ദേഹം ശ്രദ്ധവെക്കുന്നുണ്ട്.

ഗുരുവിന്റെ ആശയങ്ങളെ ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് ഈ പ്രസ്ഥാനത്തെ ഇനിയും കൂടുതല്‍ കാലം നയിക്കാന്‍വെള്ളാപ്പള്ളിയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയത അത് ഏത് രൂപത്തിലുള്ളതായാലും സമൂഹത്തിന് വിനാശകരമായ ഒന്നാണെന്നും അത് സമൂഹത്തെയാകെ അപ്പാടെ നശിപ്പിക്കുകയാണ് ചെയ്യുകയെന്നും വര്‍ഗീയതയുടെ വിഷവിത്തുകള്‍ മനുഷ്യരുടെ മനസുകളില്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

കേരളത്തിന് വെളിച്ചം പകര്‍ന്ന ശ്രീനാരായണ ഗുരുവിനെ പോലും സ്വന്തമാക്കാന്‍ ചില വര്‍ഗീയ ശക്തികള്‍ വല്ലാതെ പാടുപെടുന്നത് കാണാന്‍ കഴിയുന്നുണ്ടെന്നും വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ ഗുരുവിന്റെ തന്നെ ദര്‍ശനങ്ങളെ ദുരുപയോഗിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതും നമ്മള്‍ കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: CM Pinarayi Vijayan Inagurate SNDP Convention Centre

We use cookies to give you the best possible experience. Learn more