| Monday, 16th February 2026, 7:37 pm

ആലിന്‍ ഷെറിന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി; കുടുംബാംഗങ്ങളോട് സംസാരിച്ചു

രാഗേന്ദു. പി.ആര്‍

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന്‍ ഷെറിന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്ന് (തിങ്കള്‍) വൈകുന്നേരം 6.30ഓടെയാണ് മുഖ്യമന്ത്രി ആലിന്റെ വീട്ടിലെത്തിയത്. സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജിനൊപ്പമാണ് മുഖ്യമന്ത്രി ആലിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്

ആലിന്റെ മാതാപിതാക്കളും മുത്തച്ഛനുമായും മുഖ്യമന്ത്രി സംസാരിച്ചു. 15 മിനിട്ടോളം കുഞ്ഞിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചതിന് ശേഷം അദ്ദേഹം മടങ്ങി. ആലിന്റെ മരണത്തില്‍ അനുശോചനമറിയിച്ച മുഖ്യമന്ത്രി അവയവദാനത്തിന് തയ്യാറായ അരുണ്‍-ഷെറിന്‍ ദമ്പതികളെ പ്രശംസിക്കുകയും ചെയ്തു.

ഇന്നലെ (ഞായര്‍)യാണ് കുഞ്ഞിന്റെ സംസ്‌കാരം നടന്നത്. ഔദ്യോഗിക ബഹുമതികളോട് കൂടിയായിരുന്നു സംസ്‌കാരം. പത്തനംതിട്ട നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മന്ത്രി വി.എന്‍. വാസവന്‍, മാത്യു ടി. തോമസ്എം എം.എല്‍.എ അടക്കമുള്ളവര്‍ കുഞ്ഞിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ആലിന്റെ കരള്‍ സ്വീകരിച്ച തിരുവനന്തപുരം സ്വദേശിയായ ശ്രേയയുടെ മുത്തച്ഛനും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

റോഡപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായ കുഞ്ഞ് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ചു. തുടര്‍ന്നാണ് കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.

കുഞ്ഞിന്റെ രണ്ട് വൃക്കകളും ഹൃദയ വാല്‍വും കരളും നേത്ര പടലങ്ങളുമാണ് ദാനം ചെയ്തത്. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടന്നത്. കഴിഞ്ഞ അഞ്ചിന് എം.സി റോഡിലുണ്ടായ അപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്.

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

Content Highlight: Chief Minister Pinarayi Vijayan visits Alin Sherin’s house

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more