| Thursday, 9th April 2026, 8:57 am

കക്ഷി രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ പുരോഗതി ആഗ്രഹിക്കുന്നവര്‍ ഇടതിനൊപ്പം, 2021നേക്കാള്‍ കൂടുതല്‍ സീറ്റ് നേടും: മുഖ്യമന്ത്രി

ആദര്‍ശ് എം.കെ.

കണ്ണൂര്‍: കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും എല്‍.ഡി.എഫ് ഭരണം തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും, പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കങ്ങളെ പ്രബുദ്ധരായ കേരളീയര്‍ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ചുവടുവെപ്പിലാണ് ഈ തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി, നാടിന് പുരോഗതി വേണമെന്ന് ആഗ്രഹിക്കുന്നവര്‍ എല്‍.ഡി.എഫിനൊപ്പമാണ്. കഴിഞ്ഞ 10 വര്‍ഷത്തെ പുരോഗതിക്ക് അടിസ്ഥാനം എല്‍.ഡി.എഫ് ഗവണ്‍മെന്റാണെന്ന് ജനങ്ങള്‍ മനസിലാക്കുന്നു. വികസന കാര്യത്തില്‍ എല്‍ഡിഎഫിന് മാത്രമേ പ്രതിബദ്ധതയുള്ളൂ എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016-ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ 2021ല്‍ ലഭിച്ചത് പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണ 2021ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ജനങ്ങള്‍ നല്‍കും. 2031ഓടെയുള്ള നവകേരളം ഒരു സ്വപ്നമല്ല, മറിച്ച് സാധ്യമാക്കാവുന്ന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വോട്ട് മറിക്കാനായി പണം ഉപയോഗിക്കുന്നത് കേരളത്തിന് പുറത്തുള്ള രീതിയാണെന്നും, കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ ഇതിനെ മറികടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയ നീക്കങ്ങള്‍ കൊണ്ടൊന്നും ആളുകളെ സ്വാധീനിക്കാന്‍ കഴിയില്ല. എല്ലാ വിഭാഗം ജനങ്ങളും എല്‍.ഡി.എഫിനൊപ്പം ആവേശത്തോടെ അണിനിരക്കുകയാണെന്ന് വിവിധ ജില്ലകളിലെ പര്യടനത്തിലൂടെ തനിക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് 100 സീറ്റുകള്‍ നേടുമെന്ന വി.ഡി. സതീശന്റെ അവകാശവാദത്തിനും പ്രതിപക്ഷത്തിന്റെ പരിഹാസങ്ങള്‍ക്കും വോട്ടെണ്ണിക്കഴിയുമ്പോള്‍ മറുപടി ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നേരിട്ട നടപടികളെ സൂചിപ്പിച്ച അദ്ദേഹം, ഇത്തരം വിഷയങ്ങളില്‍ വോട്ടെണ്ണലിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.

Content highlight: Chief Minister Pinarayi Vijayan expresses confidence that there will be a continued government

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more