ചെന്നൈ: തമിഴ്നാട്ടിലെ നാമക്കല്ലില്‍ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 40ലേറെ പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
കരൂരില്‍ നിന്നുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും അടിയന്തര സഹായങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് സ്റ്റാലിന്‍ വിവരം അറിയിച്ചത്. വന്‍ അപകടം നടന്നതില്‍ വിജയിയെ അറസ്റ്റ് ചെയ്യണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു. മാത്രമല്ല മുഖ്യമന്ത്രി നാളെ ദുരന്തസ്ഥസത്തെത്തുമെന്നും അറിയിച്ചിട്ടുണ്ട്.
‘കരൂരില്‍ നിന്നുള്ള വാര്‍ത്തകള്‍ ആശങ്കാജനകമാണ്. തിരക്ക് കാരണം ബോധരഹിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പൊതുജനങ്ങള്‍ക്ക് ഉടനടി വൈദ്യചികിത്സ നല്‍കുന്നതിന്, മുന്‍ മന്ത്രി വി. സെന്തില്‍ബാലാജി, ബഹുമാനപ്പെട്ട മന്ത്രി സുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കും ജില്ലാ കളക്ടര്‍ക്കും ഉപദേശം നല്‍കിയിട്ടുണ്ട്.
ട്രിച്ചി ജില്ലയില്‍ നിന്നുള്ള മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴിയോട് അടിയന്തര സഹായം നല്‍കാനും ഞാന്‍ ഉത്തരവിട്ടിട്ടുണ്ട്. എത്രയും വേഗം അവിടെ സ്ഥിതിഗതികള്‍ ശരിയാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എ.ഡി.ജി.പിയോട് നിര്‍ദേശിച്ചു. ഡോക്ടര്‍മാരുമായും പൊലീസുമായും സഹകരിക്കാന്‍ ഞാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,’ സ്റ്റാലിന്‍ പറഞ്ഞു.
മരിച്ചവരില്‍ കുട്ടികളും ഗര്‍ഭിണികളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒരു കുട്ടിയെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 50ലധികം പേര്‍ കുഴഞ്ഞ് വീണു. പരിക്കേറ്റവരില്‍ ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. കരൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പരിക്കേറ്റവര്‍ ചികിത്സയിലാണ്.