തിരുവനന്തപുരം: കേരളത്തെ ‘അതിദാരിദ്ര്യ മുക്ത’ സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം. നടന്‍ മമ്മൂട്ടി ചടങ്ങിലെ മുഖ്യാതിഥിയായി. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഇതോടെ അസാധ്യമായ ഒന്നുമില്ലെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി പരിപാടിയില്‍ പങ്കെടുത്തതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരും കൊടുംദാരിദ്ര്യത്തില്‍ വീണുപോകില്ലെന്ന ഉറപ്പാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ലോകത്തിന് മുന്നില്‍ കേരളം തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇത് സംസ്ഥാനത്തിന്റെ പുതിയ ഉദയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സങ്കല്‍പ്പത്തിലെ നവകേരളം നടപ്പിലാക്കാനുള്ള ചവിട്ടുപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തുണ്ടായ പല ദുരവസ്ഥയെയും ചെറുത്ത് തോല്‍പ്പിച്ചത് നാടിന്റെയാകെ സഹകരണത്തോട് കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെ നിന്ന് പ്രബുദ്ധ കേരളത്തിലേക്കാണ് നാം യാത്ര ചെയ്തത്. ഐതിഹാസികമായ നവോത്ഥാന മുന്നേറ്റങ്ങള്‍ക്കാണ് നാം സാക്ഷിയായിട്ടുള്ളത്. അത് ഇനിയും തുടരും,’ മുഖ്യമന്ത്രി പറഞ്ഞു.
നേട്ടങ്ങള്‍ എണ്ണിപറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. തദ്ദേശ സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. ജീവിതനിലവാര സൂചികയില്‍ കേരളം ഒന്നാമതാണെന്നും സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധം അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നതായും അദ്ദേഹം ഓര്‍മിപ്പിച്ചു.
കേരളം വ്യാവസായികമായി മുന്നേറില്ലെന്നും ഇവിടുത്തെ വ്യവസായങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുമെന്നുമാണ് ചിലര്‍ പ്രചാരണം നടത്തിയിരുന്നത്. എന്നാല്‍ സംഭവിച്ചത് മറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ജീവിതനിലവാര സൂചിക, മാനവവികസന സൂചിക തുടങ്ങിയവയില്‍ കേരളം മുന്‍നിരയിലെത്തി. ഇവയോടൊപ്പം വ്യാവസായിക മേഖല ശക്തിപ്പെടുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക് എന്നിവയെല്ലാം ഏറ്റവും കുറഞ്ഞ നിലയിലാണ്. ഇത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാത്രമല്ല, സമ്പന്ന രാഷ്ട്രമായ അമേരിക്കയേക്കാള്‍ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഒരു പ്രത്യേകതയായി കാണുന്ന കുടുംബശ്രീയ്ക്ക് പകരം ‘ജനശ്രീ’ എന്ന സംവിധാനമുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. സാക്ഷരതയുടെ കാര്യത്തില്‍ കേരളം ഏറെ മുന്നിട്ട് നില്‍ക്കുകയാണെന്ന് യൂണിസെഫ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. പ്രവാസികള്‍ നല്‍കുന്ന പിന്തുണയെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു.
2016ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വികസനമുരടിപ്പ് ബാധിച്ച കേരളത്തെയാണ് കണ്ടിരുന്നത്. പ്രതിസന്ധിയിലായ സര്‍ക്കാര്‍ ആശുപത്രികള്‍, പൊട്ടിപൊളിഞ്ഞ റോഡുകള്‍, തകരാനിരിക്കുന്ന പാലങ്ങള്‍, അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ തുടങ്ങിയവയെല്ലാം ഈ നാടിന്റെ പ്രതീകങ്ങളായിരുന്നു. അവിടെ നിന്നാണ് നാം തുടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: Chief Minister declares Kerala as ‘extreme poverty free’ state