| Thursday, 29th October 2026, 3:07 pm

സംഘപരിവാര്‍ സംഘടിപ്പിക്കുന്ന പുസ്തകമേളയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും: കടുത്ത വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടിപ്പിക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തക മേളയില്‍ പങ്കെടുക്കാനൊരുങ്ങുന്ന മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനം. സംഘപരിവാര്‍ സംഘടിപ്പിക്കുന്ന വേദിയില്‍ പങ്കാളിയാവുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന തരത്തിലാണ് വിമര്‍ശനമുയരുന്നത്.

വോട്ട് കൊള്ള നടത്തി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന സംഘപരിവാറിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത് മുഖ്യമന്ത്രിയെ പോലുള്ള മുതിര്‍ന്ന നേതാവിന് ചേര്‍ന്നതല്ലെന്നും ഇത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം.

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി ഡി സതീശന്‍ നല്ലൊരു വായനക്കാരനും സാഹിത്യകൃതികളെ ആഴത്തില്‍ ആസ്വദിച്ച് നിരൂപണം ചെയ്യുന്ന മികച്ചൊരു പ്രാസംഗികനുമാണെന്നത് നമുക്ക് അറിയാവുന്നതാണ് . പുസ്തകങ്ങളോടും വായനയോടുമുള്ള ഈ താത്പര്യം എന്നും പ്രശംസനീയമാണ്. പുസ്തകങ്ങളോടുള്ള ഈ അടുപ്പത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടിപ്പിക്കുന്ന ഒരു വേദിയില്‍ പങ്കാളിയാകുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല.

വോട്ട് കൊള്ള നടത്തി നമ്മുടെ ഭരണഘടനയെ അട്ടിമറിക്കുകയും ജനാധിപത്യത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത് താങ്കളെപ്പോലൊരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ല.

കോണ്‍ഗ്രസ് ദേശീയതലത്തില്‍ ശ്രീ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘപരിവാറിന്റെ ഭരണഘടന അട്ടിമറിക്കെതിരെ വമ്പിച്ച പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‍ സംഘരിവാറിന്റെ പുസ്തകമേളയില്‍ പങ്കെടുക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുന്നത് ? ഈ നിലപാടിന്റെ ഔചിത്യമില്ലായ്മ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് മനസിലായി കാണുമല്ലോ,’ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇന്ത്യയില്‍ ഇന്ന് സംഘപരിവാറിനെതിരെ ഇന്ത്യ സഖ്യവും , കര്‍ഷകരും , നിരവധി സിവില്‍ പ്രസ്ഥാനങ്ങളും ചേര്‍ന്ന് നടത്തുന്ന ജനാധിപത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അതിനാല്‍ ഇത്തരത്തിലുള്ള വേദികള്‍ ഒഴിവാക്കാനും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും മുഖ്യമന്ത്രി തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

‘കൊച്ചിയില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലധികമായി സംഘപരിവാര്‍ പുസ്തകമേള സംഘടിപ്പിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ സ്ഥലം എം.പിമാരും എം.എല്‍.എമാരും അതില്‍ പങ്കെടുത്തതായി കണ്ടിട്ടുണ്ട്. എന്നാല്‍, ഇതിനുമുമ്പ് ഇത്തരമൊരു പരിപാടിയില്‍ ഒരു മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ പങ്കെടുത്തിട്ടുണ്ടോ?

എന്നാല്‍ ഇത്തവണത്തെ കാഴ്ച വളരെ വ്യത്യസ്തമാണ്. മുഖ്യമന്ത്രി വി.ഡി. സതീശന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ വി.ഇ അബ്ദുല്‍ ഗഫൂര്‍, റോജി എം.ജോണ്‍, ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എം.എല്‍.എ തുടങ്ങി കോണ്‍ഗ്രസ് മന്ത്രിസഭയിലെയും ജനപ്രതിനിധികളുടെയും ഇത്രയും വിപുലമായ പങ്കാളിത്തം മുന്‍കാലങ്ങളില്‍ ഉണ്ടായതായി അറിയില്ല .

ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയത്തിനെതിരെ വലിയ പോരാട്ടം നടക്കുമ്പോള്‍ അവരുടെ നേതൃത്വത്തിലുള്ള ഒരു പരിപാടിയില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളും മന്ത്രിമാരും ഇത്തരത്തില്‍ പങ്കാളികളാകുന്നതിന്റെ രാഷ്ട്രീയ ഔചിത്യം എന്താണ്? ഒരു ‘പുസ്തകമേള’ ആണെങ്കില്‍ പോലും, ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാന്‍ ബാധ്യതപ്പട്ടവര്‍ സംഘപരിവാര്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കണം,’ പോസ്റ്റില്‍ പറയുന്നു.

രാജ്യത്ത് എല്ലാവര്‍ക്കും തുല്യനീതിയും സമത്വവും പുലരേണ്ടതിന്റെയും ഭരണഘടന ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെയും ആവശ്യകത തിരിച്ചറിഞ്ഞ് ഇത്തരം കാര്യങ്ങളില്‍ അടിയന്തര തിരുത്തലുകള്‍ ഉണ്ടാവേണ്ടതുണ്ടെന്നും എന്നാല്‍ മേല്‍പ്പറഞ്ഞ മൂല്യങ്ങളുടെ അന്തകന്‍മാര്‍ക്കാണ് ജനപ്രതിനിധികള്‍ സാമൂഹ്യവും ധാര്‍മികവുമായ പിന്തുണ പ്രഖ്യാപിക്കുന്നത് എന്നതാണ് ബോധ്യമെന്നും വിമര്‍ശകര്‍ പറയുന്നു.

Content Highlight: Chief Minister and Ministers to participate in a book fair organized by the Sangh Parivar: Faces sharp criticism

Latest Stories

We use cookies to give you the best possible experience. Learn more