| Sunday, 17th August 2025, 3:35 pm

'വോട്ട് ചോരി' അപകടകരം, ഒരു പാര്‍ട്ടിയോടും വിവേചനമില്ല, പ്രതിപക്ഷം ഭരണഘടനയെ അപമാനിക്കുന്നു: തെര. കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വോട്ട് ചോരി ആരോപണം ഏറെ അപകടകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍പട്ടിക ക്രമക്കേടില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.

തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണപക്ഷമോ പ്രതിപക്ഷമോ തമ്മില്‍ വ്യത്യാസമില്ലെന്നും തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനാ പ്രകാരമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. കമ്മീഷന് ഒരു പാര്‍ട്ടിയോടും വിവേചനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബീഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണം തെരഞ്ഞെടുപ്പ് ചട്ടപ്രകാരം മാത്രമാണ്. ഭരണഘടന അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും എസ്.ഐ.ആര്‍ ആരംഭിച്ചത് കാര്യങ്ങള്‍ സുതാര്യമാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിലര്‍ എസ്.ഐ.ആറിനെ കുറിച്ച് കള്ളം പ്രചരിപ്പിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണം ഏറെ അപകടകരമാണെന്ന് പറഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, പ്രതിപക്ഷം രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കുകയാണെന്നും കുറ്റപ്പെടുത്തി.

വോട്ട് ചോരി ആരോപണം ഭരണഘടനയ്ക്ക് അപമാനമാണെന്നും ഇത്തരം ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭയപ്പെടില്ലെന്നും ഗ്യാനേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

‘തെരഞ്ഞെടുപ്പ് രംഗത്തെ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് എസ്ഐആര്‍ ആരംഭിച്ചത്. പരാതികളുണ്ടെങ്കിലും ആര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാതിലുകള്‍ എല്ലാ പാര്‍ട്ടികള്‍ക്കും മുമ്പ് തുറന്നുവെച്ചിരിക്കുകയാണ്. ആര്‍ക്കും പരാതി അറിയിക്കാം’, മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷന്‍ പറഞ്ഞു.

Content Highlight: Chief Election Commission press meet on Vote Chori allegation

We use cookies to give you the best possible experience. Learn more