മഞ്ഞുമ്മൽ ബോയ്‌സ് എന്ന സെൻസേഷണൽ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ബാലൻ: ദി ബോയ് തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. സംവിധായകനൊപ്പം മഞ്ഞുമ്മൽ ബോയ്‌സ് വിജയത്തിന് പിന്നിൽ പ്രവർത്തിച്ച നിരവധി അണിയറപ്രവർത്തകരും അഭിനേതാക്കളും വീണ്ടും ഒന്നിച്ച ചിത്രമാണിത്.
ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും വിവേക് ഹർഷന്റെ എഡിറ്റിങ്ങും ഉൾപ്പെടെ മുൻ ചിത്രത്തിലെ പ്രധാന സാങ്കേതിക പ്രവർത്തകർ ബാലൻ: ദി ബോയുടെ ഭാഗമാണ്. തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ‘ആവേശം’ എന്ന ചിത്രത്തിന്റെ സംവിധായകനായ ജിത്തു മാധവൻ തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ അമ്മയുടെയും മകന്റെയും പ്രകടനങ്ങൾക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
ബാലൻ: ദി ബോയ് .photo.zee music
ചിദംബരത്തിന്റെ ജാൻ എ മൻ എന്ന ചിത്രത്തിലെ ‘ അവിടെ കുറച്ച് ഐസ് ഉണ്ട് പിന്നെ ഏകാന്തതയും ഉണ്ട് ‘ എന്ന് പറയുന്ന ജോയ് മോനും, സർവൈവൽ ത്രില്ലറായ മഞ്ഞുമ്മൽ ബോയ്സും കേവലം കഥകൾക്കപ്പുറം പ്രേക്ഷകരുമായി കണക്ട് ആയത് അതിലെ കഥാപാത്രങ്ങളുടെ ജീവിതം വളരെ യഥാർഥമായി അവതരിപ്പിച്ചതുകൊണ്ടാണെന്ന് ചിദംബരം പറഞ്ഞു. അതുകൊണ്ടുതന്നെ ഒരു സിനിമ ചെയ്യുന്നതിന് മുമ്പ് താൻ ഒരു ഡോക്യുമെന്ററി ചെയ്യുന്നതുപോലെ പഠനവും നിരീക്ഷണവും നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
‘മഞ്ഞുമ്മൽ ബോയ്‌സ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മഞ്ഞുമ്മലിൽ പോയപ്പോൾ അവിടെയുള്ള ഭൂരിഭാഗം ആളുകളും ദിവസക്കൂലിക്ക് വേണ്ടി ജോലി ചെയുന്നവർ ആയിരുന്നു. സിനിമയിലെ പാട്ടിൽ വരുന്ന ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന വരി അതിൽ നിന്നാണ് വന്നത്. വലിയ സ്വപ്നങ്ങളൊന്നുമില്ലാതെ ദിവസവും ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന അവരുടെ സാധാരണ ജീവിതം എന്നെ ഒരുപാട് ആകർഷിച്ചിരുന്നു.
അവിടെ മുഴുവൻ ഫാക്ടറികളാണ്. ആ ശബ്ദങ്ങളാണ് അവിടുത്തെ റിഥം. മഞ്ഞുമ്മൽ ബോയ്സിലെ പാട്ടുകളിൽ കേൾക്കുന്ന ഇൻഡസ്ട്രിയൽ സൗണ്ടുകളും ബോൾട്ട് അടിക്കുന്ന ശബ്ദങ്ങളും ലേസർ കട്ടിങ് ശബ്ദങ്ങളുമൊക്കെ ബോധപൂർവം എടുത്ത തീരുമാനങ്ങളായിരുന്നു.
അതുപോലെ ബാലന് വേണ്ടി കേരളത്തിലെ വിവിധ വനിതാ ജയിലുകളിൽ പോയി സൂപ്രണ്ടുമാരെ കണ്ടിരുന്നു. പല തരത്തിലുള്ള കേസുകളിൽ ഉൾപ്പെട്ട സ്ത്രീകളെക്കുറിച്ച് അറിയാനും സാധിച്ചു. എന്നാൽ ഈ സിനിമ കൂടുതലായും ഫിക്ഷൻ ആയതുകൊണ്ട് അത്ര വലിയ റിസർച്ച് ആവശ്യമായി വന്നിരുന്നില്ല.
ഒരുപക്ഷേ ഡോക്യുമെന്ററികളിൽ പ്രവർത്തിച്ചതുകൊണ്ടാകാം ഇത്തരത്തിലുള്ള റോ മെറ്റീരിയലുകൾ ശേഖരിക്കുന്ന ശീലം എനിക്ക് വന്നത്. പിന്നീട് അതിൽ നിന്നാണ് ഞാൻ എന്റെ സ്ക്രീൻപ്ലേകൾ രൂപപ്പെടുത്തുന്നത്. അതൊക്കെ അഭിനേതാക്കൾക്കും കഥാപാത്രങ്ങളെ മനസിലാക്കാനുള്ള ഒരു റഫറൻസായി മാറാറുണ്ട്,’ ചിദംബരം പറഞ്ഞു.
ബാലൻ: ദി ബോയ് .photo.youtube