മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ ദി: ബോയ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കഥയും കഥാപാത്രങ്ങളും പോലെ തന്നെ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ദൃശ്യഭാഷയും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. ഫിലിം കാലഘട്ടത്തിൽ ചിത്രീകരിച്ചതാണെന്ന് തോന്നിപ്പിക്കുന്ന ജയിലിലെ ചുമർചിത്രങ്ങളിൽ നിന്ന് തുടങ്ങി കേരളത്തിന്റെ വിവിധ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ദൃശ്യാവിഷ്കാരമാണ് സിനിമയെ വേറിട്ടതാക്കുന്നത്. സിനിമയിലുടനീളം ഒരു വിന്റേജ് മെമ്മറി കൊണ്ടുവരാൻ സിനിമക്ക് സാധിച്ചിട്ടുണ്ട്. സിനിമയുടെ വിഷ്വൽ സ്റ്റൈലിങ്ങിനെ കുറിച്ച് ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ചിദംബരം.
അമ്മയും മകനും തമ്മിലുള്ള ഒരു ഫേബിൾ കഥയിലും കഥാപാത്രങ്ങളിലും കൊണ്ടുവരാനാണ് അത്തരമൊരു ദൃശ്യശൈലി ഉപയോഗിച്ചതെന്ന് ചിദംബരം പറഞ്ഞു.
ബാലൻ ദി: ബോയ്. Photo: Screen Grab/ Zee Music
‘സിനിമയിൽ അമ്മയുടെയും മകന്റെയും വേൾഡ് റിയലിസ്റ്റിക് ആണെങ്കിലും അതിലേക്ക് ഒരു ഡ്രീമി എഫക്ട് കൊണ്ടുവരാനായിരുന്നു ശ്രമം. ഒരു സന്ധ്യക്ക് ഇരുന്ന് പറയുന്ന മുത്തശ്ശി കഥ പോലൊരു അനുഭവം പ്രേക്ഷകർക്ക് നൽകണമെന്നായിരുന്നു. കൂടാതെ കഥാപാത്രങ്ങളുടെ യാത്ര സംഭാഷണങ്ങളില്ലാതെ തന്നെ ഒറ്റ ഷോട്ടിൽ പ്രേക്ഷകർക്ക് മനസ്സിലാകണം. അവർ ആലപ്പുഴയിലെ ജലപ്രദേശത്താണോ, കാസർഗോഡിലാണോ എന്നതൊക്കെ ദൃശ്യങ്ങളിലൂടെ വ്യക്തമാകണം. അതോടൊപ്പം അമ്മയും മകനും തമ്മിലുള്ള ഫേബിൾ ഒരു ഡ്രീമി എഫക്ടിൽ കാണിക്കാൻ ആണ് അത്തരമൊരു ദൃശ്യശൈലി ഉപയോഗിച്ചത്,’ ചിദംബരം പറഞ്ഞു.
ചിത്രത്തിലുടനീളം ലൊക്കേഷനുകൾ മാറിമാറി വരുന്നത് സിനിമയുടെ മറ്റൊരു പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ജില്ലകളിലും വിവിധ കാലാവസ്ഥകളിലുമായി സിനിമ ചിത്രീകരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സമയപരിധി അതിന് തടസ്സമായെന്നും ചിദംബരം പറഞ്ഞു.
‘വേനൽക്കാലത്തും മഴക്കാലത്തും പല സീസണുകളിൽ പതിനാല് ജില്ലകളിലായി കൂടുതൽ വ്യാപ്തിയിൽ സിനിമ ചിത്രീകരിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഏകദേശം പത്ത് ജില്ലകളിലായി ഷൂട്ട് ചെയ്യാൻ സാധിച്ചു. കടലും കായലും മലനിരകളും ഉൾപ്പെടെ കേരളത്തിന്റെ എല്ലാ ഭൂപ്രകൃതിയും സിനിമയിൽ കാണിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം,” ചിദംബരം പറഞ്ഞു.
ബാലൻ ദി: ബോയ്. Photo:screen Grab/ Youtube