| Tuesday, 9th June 2026, 8:02 am

സൂര്യയുടെ വമ്പൻ ചിത്രത്തിന്റെ ഇടയിലാണ് ജിത്തു ബാലന്റെ എഴുത്തിലും കടക്കുന്നത്, തിരക്കഥ 10 ഡ്രാഫ്റ്റ് എങ്കിലും എഴുതിയിട്ടുണ്ട്: ചിദംബരം

നന്ദന എം.സി

മഞ്ഞുമ്മൽ ബോയ്സ്’ എന്ന വമ്പൻ വിജയചിത്രത്തിന് ശേഷം സംവിധായകൻ ചിദംബരം എസ്. പൊതുവാൾ ഒരുക്കുന്ന പുതിയ ചിത്രം ‘ബാലൻ ദി ബോയ്’ ജൂൺ 19ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്.

കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര വേദികളിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഇതിനോടകം തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച അഭിമുഖത്തിലാണ് തിരക്കഥാകൃത്ത് ജിത്തു മാധവനെ കുറിച്ച് ചിദംബരം സംസാരിച്ചത്.

ബാലൻ ദി ബോയ്, Photo: X.com

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘ആവേശം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിത്തു മാധവനാണ്. നിലവിൽ നടൻ സൂര്യയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന വലിയ ബജറ്റ് ചിത്രത്തിന്റെ തിരക്കുകളിലായിരുന്നിട്ടും, ‘ബാലൻ ദി ബോയ്’യുടെ രചനാപ്രവർത്തനങ്ങളിൽ ജിത്തു സജീവമായി പങ്കെടുത്തിരുന്നുവെന്നാണ് ചിദംബരം പറയുന്നത്.

ചിദംബരം, Photo: X.com

‘സൂര്യക്കൊപ്പം ചെയ്യുന്ന വമ്പൻ ചിത്രത്തിന്റെ ഇടയിലായിരുന്നു ജിത്തു മാധവൻ ‘ബാലൻ’ സിനിമയുടെ എഴുത്തുപ്രവർത്തനങ്ങളിലും മുഴുകിയത്. ഈ ചിത്രത്തിന്റെ തിരക്കഥ കുറഞ്ഞത് പത്ത് ഡ്രാഫ്റ്റുകളെങ്കിലും അദ്ദേഹം എഴുതിയിട്ടുണ്ട്,’ എന്നാണ് ചിദംബരം അഭിമുഖത്തിൽ പറഞ്ഞത്.

വലിയ സ്കെയിലിലുള്ള മറ്റൊരു ചിത്രം ചെയ്യുന്നതിനുപകരം, കൂടുതൽ ലളിതവും ചെറിയ തോതിലുള്ളതുമായ ഒരു കഥ പറയാനാണ് താൻ ആഗ്രഹിച്ചതെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആ തീരുമാനത്തിന്റെ ഫലമാണ് ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു.

ജിത്തു മാധവൻ, Photo: X.com

ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളാണെന്നതാണ്. പുതിയ മുഖങ്ങളെയും വ്യത്യസ്തമായ കഥാപശ്ചാത്തലത്തെയും ആശ്രയിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയ്ക്ക് വലിയ പ്രതീക്ഷയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

‘ജാൻ എ മൻ’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ച ചിദംബരം, ‘മഞ്ഞുമ്മൽ ബോയ്സ്’ വഴി ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും സാന്നിധ്യം അറിയിച്ച അദ്ദേഹം, ഇപ്പോൾ ‘ബാലൻ ദി ബോയിലൂടെ വീണ്ടും സംവിധായകന്റെ കസേരയിൽ എത്തുകയാണ്.

Content Highlight: Chidambaram talks about the movie Balan.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more