| Sunday, 21st June 2026, 5:51 pm

നാലഞ്ച് ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോൾ വീട്ടിൽ പോകണമെന്ന് ആ പയ്യൻ പറഞ്ഞു; ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ഞുമ്മൽ ബോയ്സ് എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദി ബോയ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. റിലീസിന് മുമ്പേ കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രദർശനത്തിലൂടെ സിനിമ മേഖലയിലെ പ്രമുഖരുടെ പ്രശംസ നേടിയ ചിത്രം പ്രേക്ഷകർക്കിടയിലും ശ്രദ്ധ നേടുകയാണ്. പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ അമ്മയുടെയും മകന്റെയും പ്രകടനങ്ങൾക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഫർസാന പാലത്തിങ്കലാണ് അമ്മയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.

ആദ്യ സിനിമയുടെ യാതൊരു പരിഭ്രമവുമില്ലാതെ ബാലൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ആദിശേഷന്റെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയിലെ ബാലതാരവുമായുള്ള അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു സംവിധായകൻ ചിദംബരം. എഫ്.ടി.ക്യു രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലൻ: ദി ബോയ്.photo:Screen Grab/Zee Music

‘ആദിശേഷൻ നല്ലൊരു ആക്ടർ ആണ്. അവന് വേണ്ടി വലിയ രീതിയിലുള്ള ആക്ടിങ് ഡയറക്ട് ചെയ്യേണ്ട ആവശ്യം വന്നിട്ടില്ല. അവന് മനസിലാകാത്ത ഏതെങ്കിലും കോൺസെപ്റ്റ് ആണെങ്കിൽ വെറുതെ ഒരു കണക്ക് കൊടുത്തിട്ട് അതിനെക്കുറിച്ച് ആലോചിച്ചു നടക്കാൻ പറയും. അപ്പോൾ നമ്മൾ ഷൂട്ട് എടുക്കുമ്പോൾ അവന് എന്തോ ആഴത്തിൽ ചിന്തിക്കുകയാണെന്ന ഒരു തോന്നൽ വരും. അങ്ങനെയുള്ള ചില ട്രിക്കുകൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്

വേറൊരു രസകരമായ സംഭവം, നാലഞ്ച് ദിവസം ഷൂട്ട് കഴിഞ്ഞപ്പോൾ അവൻ വീട്ടിൽ പോകണമെന്ന് പറഞ്ഞു. കുറച്ച് അഭിനയിച്ചു കഴിഞ്ഞപ്പോൾ തന്റെ ഭാഗം തീർന്നെന്നാണ് അവൻ കരുതിയത്. പിന്നെ മോനെ, ഷൂട്ട് തുടങ്ങിയതേ ഉള്ളൂ. ഇനിയും ഏകദേശം എൺപത് ദിവസം ഷൂട്ട് ഉണ്ട് എന്ന് പറഞ്ഞു മനസിലാക്കി നിർത്തുകയായിരുന്നു അവനെ. പിന്നെ ലേറ്റ് നൈറ്റ് ഷൂട്ടുകളായിരുന്നു കുറച്ച് ചലഞ്ചിങ്. രാത്രി എട്ട് മണിയൊക്കെ ആകുമ്പോഴേക്കും അവൻ എന്റെ അടുത്ത് വന്ന് സാറേ, എന്റെ ബാറ്ററി തീർന്നു’ എന്ന് പറയുമായിരുന്നു . എന്നാലും ഈ സിനിമ വലിയൊരു പ്രോജക്ടിന്റെ ഭാഗം ആണെന്ന് മനസിലാക്കാൻ ഉള്ള മെച്ച്യുരിറ്റി ഒക്കെ അവനുണ്ടായിരുന്നു ,’ ചിദംബരം പറഞ്ഞു.

‘ആവേശം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവനാണ് ബാലന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നടൻ ടോവിനോ തോമസ്  സംവിധായകൻ ഗിരീഷ് എഡി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തിൽ ഒരുങ്ങിയ ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത് സുഷിൻ ശ്യാമാണ്.

ബാലൻ: ദി ബോയ്.photo:Screen Grab/Zee Music

Content Highlight: Chidambaram talks about the child artist in his movie Balan:The Boy

Latest Stories

We use cookies to give you the best possible experience. Learn more