| Sunday, 5th July 2026, 5:30 pm

അഭിനയം അത്ര എളുപ്പമല്ല, ചാക്കോച്ചൻ തന്ന ധൈര്യത്തിലാണ് ആ കഥാപാത്രം ചെയ്തത്: ചിദംബരം

കെ.എസ് ഷാബിന

ജാൻ എ മൻ’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ യുവ സംവിധായകനാണ് ചിദംബരം. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ബാലൻ ദി ബോയ്’ തിയേറ്ററുകളിൽ നിറഞ്ഞ കയ്യടിയോടെ പ്രദർശനം തുടരുകയാണ്.

‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിലൂടെയായിരുന്നു ചിദംബരം ആദ്യമായി അഭിനയ രംഗത്തേക്ക് ചുവടുവെച്ചത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിൽ ‘അർമിയാസ്’ എന്ന പൊലീസ് കഥാപാത്രത്തെയാണ് ചിദംബരം അവതരിപ്പിച്ചത്. ആ കഥാപാത്രത്തിലൂടെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടാനും അദ്ദേഹത്തിന് സാധിച്ചു.

ചിദംബരം.Photo;Screengrab/Youtube

ഇപ്പോൾ ആ ചിത്രത്തിൽ ക്യാമറക്ക് പിന്നിൽ നിന്നും മുന്നിലേക്ക് എത്തിയതിന്റെയും , ആർമിയാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഉണ്ടായ അഭിനയാനുഭവങ്ങൾ പങ്കുവെക്കുകയാണ് ചിദംബരം. ക്ലബ്ബ്.എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

‘ഇപ്പോൾ ഉടനെ അഭിനയമൊന്നും ആലോചിക്കുന്നില്ല. ഡയറക്ഷൻ കമ്മിറ്റ്‌മെന്റുകൾ തന്നെയുണ്ട്. നല്ല കഥാപാത്രങ്ങൾ വന്നാൽ പോലും ചെയ്യാൻ കഴിയുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. എനിക്ക് അതിനെക്കുറിച്ച് അറിയില്ല, കാരണം ഒരുപാട് എഴുതാനുണ്ട്. പ്രൊഡ്യൂസർ കമ്മിറ്റ്‌മെന്റുകളുമുണ്ട്; നല്ല പണിയുണ്ട്.

ചിദംബരം.Photo;Screengrab/Youtube

രതീഷേട്ടനോടുള്ള (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ) പൂർണ്ണ വിശ്വാസത്തിലാണ് ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന സിനിമ ചെയ്തത്. വേറെ ഡയറക്ടർ ആണെങ്കിൽ ഞാൻ അത് ചെയ്യില്ലായിരുന്നു. അദ്ദേഹം എങ്ങനെയാണ് ഒരു സിനിമ ചെയ്യുക എന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് ഒരു വിശ്വാസമുണ്ട്.

ചാക്കോച്ചനും (കുഞ്ചാക്കോ ബോബൻ) വലിയ സപ്പോർട്ടാണ് തന്നത്. ‘ചാക്കോച്ചാ, ഇത് ചെയ്യണോ?’ എന്ന് ഞാൻ ചോദിച്ചപ്പോൾ, ‘നമുക്ക് ചെയ്യാം, നീ ധൈര്യമായി ഇരിക്ക്, നമുക്ക് ചെയ്തുനോക്കാം’ എന്നൊക്കെ പറഞ്ഞ് എനിക്ക് ധൈര്യം തന്നു. രതീഷേട്ടനും ചാക്കോച്ചനുമാണ് ഞാൻ ആ സിനിമ ചെയ്യാനുള്ള പ്രധാന കാരണങ്ങൾ. ഇല്ലെങ്കിൽ ഒട്ടും ആത്മവിശ്വാസം ഉണ്ടാകുമായിരുന്നില്ല. കാരണം, നല്ല ആത്മവിശ്വാസം ഉണ്ടെങ്കിലേ ഇത്രയും ആളുകളുടെ മുന്നിൽ നിൽക്കുമ്പോൾ നന്നായി അഭിനയിക്കാൻ കഴിയൂ. കൂടാതെ അഭിനയം അത്ര എളുപ്പമുള്ള പണിയൊന്നുമല്ല,’ ചിദംബരം പറയുന്നു.

Content Highlight: Chidambaram talks about Oru Duroooha sahacharyathil movie

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more