| Sunday, 14th June 2026, 4:06 pm

ലാലേട്ടന്‍ വന്നാല്‍ മീശ പിരിക്കണം പൊടി പറത്തണം, അവര്‍ രണ്ട് പേരും അഭിനയത്തോട്‌ അത്രയും ആര്‍ത്തിയുള്ളവരാണ്: ചിദംബരം

അശ്വിന്‍ രാജേന്ദ്രന്‍

ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ജാന്‍.എ.മന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുകയും രണ്ടാമത്തെ സംവിധാന സംരഭമായ മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സംവിധായകനാണ് ചിദംബരം. 2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ നിന്നടക്കം വലിയ കളക്ഷന്‍ നേടുന്ന ചിത്രമായി മാറുകയും ചെയ്തതോടെ സംവിധായകന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍ ഒന്നടങ്കം.

തിയേറ്ററുകളില്‍ നിന്നും 242 കോടിയിലധികം നേടിയ ചിത്രത്തിന് ശേഷം വമ്പന്‍ സ്‌കെയിലില്‍ ഒരു പ്രൊജക്ട് ചെയ്യുന്നതിന് പകരം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് ബാലന്‍ ദി ബോയ് എന്ന ചിത്രവുമായാണ് ചിദംബരം പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തുന്നത്. ജൂണ്‍ 19ന് തിയേറ്ററുകളില്‍ റിലീസാകുന്ന ചിത്രവുമായി ബന്ധപ്പെട്ട് സംസാരിക്കവെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് ചിദംബരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ചിദംബരം. Photo: Bollywood Bubble

‘മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ രണ്ട് താരങ്ങള്‍ ഏത് ഴോണറിലേക്കും അഡാപ്റ്റ് ചെയ്യാന്‍ കഴിവുള്ള അഭിനേതാക്കളാണ്, അവര്‍ക്ക് വേണ്ടി നമ്മള്‍ അഡാപ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. ഒരു കഥയുണ്ടാക്കി മമ്മൂട്ടി അല്ലെങ്കില്‍ മോഹന്‍ലാല്‍ എന്ന സ്റ്റാര്‍സിനെ അതിലേക്ക് ഉള്‍ക്കൊള്ളിക്കുന്നതിനെക്കാള്‍ അവരുടെ ഉള്ളിലെ അഭിനേതാവിനെ കൊണ്ടുവരാനാണ് ശ്രമിക്കുക.

ലാലേട്ടന്‍ സ്‌ക്രീനില്‍ വന്നാല്‍ മീശ പിരിക്കണം, പൊടി പറക്കണം. അത് രണ്ടും നടത്തിയിരിക്കണം. അദ്ദേഹത്തെ കൊണ്ടുവന്നാല്‍ അത്രയെങ്കിലും നമ്മള്‍ ചെയ്യേണ്ടെ. കാരണം ഫാന്‍സ് അത് പ്രതീക്ഷിക്കുന്നുണ്ട്. മമ്മൂക്കയായാലും ലാലേട്ടനായാലും അങ്ങനെ തന്നെ. അവര്‍ രണ്ട് പേരും അവരുടെ കരിയറിന്റെ പ്രൈമിലാണ് എന്നാണ് എനിക്ക് തോന്നുന്നത്. മമ്മൂക്ക തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കാത്തവയാണ്. മറുവശത്ത് ലാലേട്ടന്‍ എത് സ്റ്റാറിനെക്കാളും ഹൈയസ്റ്റ് ഗ്രോസിങ് ചെയ്യുന്ന ആളാണ്.

ബാലന്‍ ദി ബോയ്. Photo: District

എന്ത് ക്യാരക്ടര്‍ നല്‍കിയാലും അവര്‍ ചെയ്യും. കാരണം അത്രയും ആര്‍ത്തിയുള്ള അഭിനേതാക്കളാണ് രണ്ട് പേരും. മമ്മൂക്കയുടെ ഭ്രമയുഗമെല്ലാം സമീപകാലത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ്. മമ്മൂക്കയ്‌ക്കൊപ്പം ഒരു ചിത്രം ചെയ്യുകയാണെങ്കില്‍ റിവെഞ്ച് ത്രില്ലര്‍ കൊടുക്കണമെന്നാണ് ആഗ്രഹം,’മീഡിയ വണ്‍ ഷോമാളിന് നല്‍കിയ അഭിമുഖത്തില്‍ ചിദംബരം പറഞ്ഞു.

നേരത്തേ മോഹന്‍ലാലിനെ നായകനാക്കി ചിദംബരം ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് സംവിധായകന്‍ തന്നെ വ്യക്തത വരുത്തിയിരുന്നു.

Content Highlight: Chidambaram talks about Mohanlal and Mammootty

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more