മഞ്ഞുമ്മൽ ബോയ്സ് എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദി ബോയ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. സംവിധായകനൊപ്പം മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച നിരവധി അണിയറപ്രവർത്തകരും അഭിനേതാക്കളും വീണ്ടും ഒന്നിച്ച ചിത്രമാണിത്.
ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും വിവേക് ഹർഷന്റെ എഡിറ്റിങ്ങും ഉൾപ്പെടെ മുൻ ചിത്രത്തിലെ പ്രധാന സാങ്കേതിക പ്രവർത്തകർ ബാലൻ: ദി ബോയുടെയും ഭാഗമാണ്. തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ‘ആവേശം’ എന്ന ചിത്രത്തിന്റെ സംവിധായകനായ ജിത്തു മാധവൻ തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ അമ്മയുടെയും മകന്റെയും പ്രകടനങ്ങൾക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
ബാലൻ: ദി ബോയ് .photo: Screen Grab/ Youtube
റിലീസിന് മുമ്പ് കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രദർശനത്തിലൂടെ സിനിമാ മേഖലയിലെ പ്രമുഖരുടെ പ്രശംസയും ചിത്രം നേടിയിരുന്നു. ചിത്രത്തെക്കുറിച്ച് സംവിധായകൻ പ്രിയദർശൻ പറഞ്ഞ വാക്കുകളും സിനിമാലോകത്ത് വലിയ ശ്രദ്ധ നേടിയിരുന്നു. ‘കഴിഞ്ഞ രണ്ട് വർഷത്തിനിടെ താൻ കണ്ട ഏറ്റവും മികച്ച ചിത്രമാണ് ബാലൻ. മലയാള സിനിമയിൽ ഈ ചിത്രം എന്നും ഓർമിക്കപ്പെടും’ എന്നായിരുന്നു ദി ക്യൂ സ്റ്റുഡിയോക്ക് വേണ്ടി ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം നടത്തിയ ടോക്ക് ഷോയിൽ അദ്ദേഹം സിനിമയെ കുറിച്ച് അഭിപ്രായപ്പെട്ടത്.
ബാലൻ: ദി ബോയുടെ റിലീസിന് മുന്നോടിയായി നടന്ന പ്രസ് മീറ്റിൽ, പ്രിയദർശന്റെ ഈ വാക്കുകൾ സിനിമയെ ഒരുപാട് സഹായിച്ചുവെന്ന് ചിദംബരം പറഞ്ഞു.
‘പ്രിയദർശൻ സാറിന്റെ ആ വാക്കുകൾ ഞങ്ങളെ ഒരുപാട് സഹായിച്ചു. പലർക്കും ബാലൻ കാണാനുള്ള മോട്ടിവേഷനായി അത് മാറി. എന്നാൽ അത്തരത്തിലുള്ള പ്രശംസകൾ വലിയ ഉത്തരവാദിത്വവും നൽകുന്നുണ്ട്. ആ പ്രതീക്ഷകൾക്ക് അനുസരിച്ച് മികച്ച സിനിമകൾ നൽകാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കും,’ ചിദംബരം പറഞ്ഞു.
ബാലൻ: ദി ബോയ് .photo: Screen Grab/ Youtube