| Thursday, 16th July 2026, 9:32 pm

ആദ്യ ചിത്രങ്ങളില്‍ നിന്ന് വ്യത്യസതമായി ആള്‍ക്കാര്‍ കുറവുള്ളത് ബാലനെ ഒട്ടും ഈസിയാക്കിയിട്ടില്ല: ചിദംബരം

അശ്വിന്‍ രാജേന്ദ്രന്‍

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മൂന്ന് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് ചിദംബരം. ജാന്‍ എ മന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ചിദംബരം, തന്റെ രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സിലൂടെയാണ് ഇന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. തമിഴ്‌നാട്ടില്‍ നിന്നടക്കം വലിയ കളക്ഷന്‍ നേടിയ ചിത്രത്തിന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിക്കാനും സാധിച്ചിരുന്നു.

ചിദംബരം. Photo: X.com

എന്നാല്‍ ചിദംബരം എന്ന സംവിധായകനെ ഏവരും ഒരുപോലെ അംഗീകരിച്ച ചിത്രമായിരുന്നു കഴിഞ്ഞ മാസം പുറത്തിറങ്ങിയ ബാലന്‍ ദി ബോയ്. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിന് വലിയ നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ആദ്യ ചിത്രമായ ജാന്‍ എ മന്‍ കോമഡി ഡ്രാമയായിട്ടായിരുന്നു ഒരുക്കിയതെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സര്‍വൈവര്‍ ത്രില്ലറായിട്ടായിരുന്നു ചിദംബരം ഒരുക്കിയത്. ഈ രണ്ട് ചിത്രങ്ങളിലും ഒട്ടനവധി കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു ചിദംബരം സംവിധാനം ചെയ്തത്.

മഞ്ഞുമ്മല്‍ ബോയ്‌സ്. Photo: The Indian Express

എന്നാല്‍ ബാലനില്‍ അമ്മയെയും മകനെയും ചുറ്റിപ്പറ്റിയായിരുന്നു സംവിധായകന്‍ കഥ പറഞ്ഞത്. ഇത്തരത്തില്‍ താന്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ചിദംബരം. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാന്‍ എ മന്‍. Photo: 123Musix

‘ജാന്‍ എ മന്നില്‍ കുറേ പേരുണ്ടായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിലും കുറേ പേരുണ്ട്. ബാലനിലാണ് കുറച്ച് കുറവെന്ന് വിശ്വസിക്കാം പക്ഷേ അത് ഒട്ടും ഈസിയാക്കിയില്ല. ഈ മൂന്ന് പേരില്‍ നിന്നും ചിത്രത്തിന്റെ മൊത്തം ഇമോഷന്‍സ് എനിക്ക് എക്‌സ്ട്രാക്ട് ചെയ്യേണ്ടതായി വന്നിരുന്നു. കഥ ഇവരുടെ ഫേസിലൂടെയാണ് സഞ്ചരിക്കുന്നത്. വളരെ പേഴ്‌സണലായിട്ടായിരിക്കും ക്യാമറ സെറ്റ് ചെയ്യുക. എന്നാല്‍ മഞ്ഞുമ്മലില്‍ എല്ലാം ഭയങ്കര വൈഡുകളാണ്. അത്രയും ക്ലോസപ്പില്‍ ക്യാമറ വെച്ച് അവരുടെ ഇമോഷന്‍ ഒപ്പിയെടുത്തുള്ള സിനിമ ചെയ്യുക പ്രയാസമാണ്,’ ചിദംബരം പറഞ്ഞു.

Content Highlight: Chidambaram talks about characters in his 3 films

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more