| Wednesday, 10th June 2026, 9:06 am

‘ഇവിടെ ആളുകൾ ദിവസവും മരിക്കുകയാണ്, നിങ്ങളുടെ സിനിമ ജീവന്റെ വില പറയുന്നു’; റഷ്യൻ പ്രേക്ഷകയുടെ വാക്കുകൾ പങ്കുവെച്ച് ചിദംബരം

നന്ദന എം.സി

മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയം സ്വന്തമാക്കിയതോടൊപ്പം ഭാഷയുടെയും ദേശത്തിന്റെയും അതിർത്തികൾ മറികടന്ന് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയത്തിലും ഇടം നേടിയിരുന്നു.

സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞ ചിത്രം കേരളത്തിലും തമിഴ്നാട്ടിലും മാത്രമല്ല, അന്താരാഷ്ട്ര വേദികളിലും വലിയ ശ്രദ്ധ നേടിയിരുന്നു.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ചന്തു സലിം, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് നിർമിച്ചത്.

മഞ്ഞുമ്മൽ ബോയ്സ്, Photo: X.com

ഒരു സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ മറ്റുള്ളവർ നടത്തുന്ന ആത്മാർത്ഥമായ ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം. അതുകൊണ്ടുതന്നെ ലോകത്തിന്റെ ഏത് ഭാഗത്തുള്ള പ്രേക്ഷകർക്കും ചിത്രത്തോട് എളുപ്പത്തിൽ കണക്ട് ആകാൻ സാധിച്ചു.

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് റഷ്യയിൽ നിന്നുള്ള ഒരു മറക്കാനാവാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ചിദംബരം. റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മഞ്ഞുമ്മൽ ബോയ്സ് പ്രദർശിപ്പിച്ച സമയത്ത് ലഭിച്ച പ്രതികരണമാണ് സംവിധായകൻ ഓർത്തെടുത്തത്.

ചിത്രം പ്രദർശിപ്പിച്ചതിന് ശേഷം ഒരു റഷ്യൻ വനിത തങ്ങളുടെ അടുത്തേക്ക് വന്നതായും അവർ ഏറെ വികാരഭരിതയായിരുന്നുവെന്നും ചിദംബരം പറഞ്ഞു. സിനിമ കണ്ട ശേഷം കരഞ്ഞുകൊണ്ടാണ് അവർ സംസാരിച്ചതെന്നും സംവിധായകൻ വ്യക്തമാക്കി.

‘മഞ്ഞുമ്മൽ ബോയ്സ് റഷ്യൻ ഫിലിം ഫെസ്റ്റിവലിൽ കാണിക്കാൻ കൊണ്ടുപോയിരുന്നു. അന്ന് ഉക്രൈൻ–റഷ്യ യുദ്ധം നടക്കുന്ന സമയമായിരുന്നു. സിനിമ കണ്ടുകഴിഞ്ഞ് ഒരു റഷ്യൻ ലേഡി ഞങ്ങളുടെ അടുത്തേക്ക് വന്നു.

മഞ്ഞുമ്മൽ ബോയ്സ്, Photo: X.com

അവർ കരയുന്നുണ്ടായിരുന്നു. എന്നിട്ട് അവർ പറഞ്ഞു, ‘ഇവിടെ യുദ്ധം നടക്കുകയാണ്. ആയിരക്കണക്കിന് ആളുകൾ ഒരു കാരണവുമില്ലാതെ ദിവസവും മരിക്കുന്നു. നിങ്ങളുടെ സിനിമ ഒരാളുടെ ജീവൻ രക്ഷിക്കുന്ന കഥയാണ്. ഓരോ ജീവനും എത്ര വിലപ്പെട്ടതാണെന്ന് പറയുന്ന സിനിമയാണ് ഇത് എന്നായിരുന്നു,’ ചിദംബരം പറഞ്ഞു.

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ മഞ്ഞുമ്മൽ ബോയ്സ്‌ന് ശേഷം ചിദംബരം ഒരുക്കുന്ന പുതിയ ചിത്രമാണ് ബാലൻ ദി ബോയ്.

ജൂൺ 19ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. മഞ്ഞുമ്മൽ ബോയ്സ് പോലെ തന്നെ വ്യത്യസ്തമായ ഒരു സിനിമാനുഭവം ചിദംബരം ഇത്തവണയും സമ്മാനിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Content Highlight: Chidambaram talk about the movie Manjummel boys

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more