| Sunday, 17th August 2025, 3:25 pm

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം 'ബാലനു'മായി ചിദംബരം വരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ ഇന്‍ഡസ്ട്രിയുടെയും തന്റെയും തലവര മാറ്റിയ സംവിധായകനാണ് ചിദംബരം. മലയാളത്തിലെ കളക്ഷന്‍ റെക്കോഡുകളെല്ലാം ഭേദിച്ച ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയേതാണെന്ന കാത്തിരിപ്പിലായിരുന്നു സിനിമാ ലോകം.

സൂര്യയാണ് അടുത്ത ചിത്രത്തിലെ നായകന്‍ എന്നും അതല്ല ബോളിവുഡിലാണ് ചിദംബരം അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്നത് എന്ന തരത്തിലെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിദംബരത്തിന്റെ മൂന്നാമത്തെ ചിത്രത്തിന്റെ പൂജ ഇന്ന് കോവളത്ത് വെച്ച് നടന്നു. ‘ബാലന്‍’ എന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൈങ്കിളിക്ക് ശേഷം ജിതു മാധവന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ജനനായകന്‍, ടോക്‌സിക് എന്നീ സിനിമകള്‍ നിര്‍മിച്ച കെ.വി.എന്‍ പ്രൊഡക്ഷന്‍സ്, തെസ്പിയന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ബാലന്‍ നിര്‍മിക്കുന്നത്.

സുഷിന്‍ ശ്യാമാണ് സംഗീതം. ബോഗെയ്ന്‍വില്ല എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും താത്കാലികമായി ഇടവേളയെടുത്ത സുഷിന്‍ ശ്യാമിന്റെ തിരിച്ചുവരവ് കൂടിയാണ് ‘ബാലന്‍’. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിങ്.

ജാന്‍ എ മന്‍, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം ചിദംബരവും രോമാഞ്ചം, ആവേശം എന്നീ സിനിമകള്‍ക്ക് ശേഷം ജിതു മാധവനും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിന് വേണ്ടി അമ്പരപ്പിക്കുന്ന സെറ്റുകള്‍ നിര്‍മ്മിച്ച അജയന്‍ ചാലിശേരിയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷന്‍ ഡിസൈനര്‍.

Content Highlight: Chidambaram’s next movie  Balan Started

We use cookies to give you the best possible experience. Learn more