| Friday, 27th February 2026, 1:09 pm

ചവറു വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കുക, ദിലീപുമായി സിനിമ ചെയ്യുന്നെന്ന റിപ്പോര്‍ട്ടിന് മറുപടിയുമായി ചിദംബരം

അമര്‍നാഥ് എം.

സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ സംവിധായകനാണ് ചിദംബരം. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെ ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റിയ സംവിധായകനായി ചിദംബരം മാറി. കഴിഞ്ഞദിവസം ചിദംബരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ചയാകുന്നത്.

ദിലീപുമായി ചിദംബരം കൈകോര്‍ക്കുന്നു എന്ന് ചില സിനിമാപേജുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രൊജക്ട് ഏറെക്കുറെ ഉറപ്പായെന്നും എഡ്ജ് ഓഫ് ദി സീറ്റ് സര്‍വൈവല്‍ ത്രില്ലറാണെന്നുമാണ് പോസ്റ്റില്‍ പറഞ്ഞത്. സര്‍വൈവല്‍ ത്രില്ലറായാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഇതിന് മറുപടിയായാണ് ചിദംബരം സ്റ്റോറി പങ്കുവെച്ചത്.

ചിദംബരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറി Photo: Rashid Kasim/ Facebook

‘ചവറു വാര്‍ത്തകള്‍ പങ്കുവെക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക’ എന്നാണ് ചിദംബരം സ്റ്റോറിയില്‍ കുറിച്ചത്. താനൊരു സര്‍വൈവല്‍ ത്രില്ലര്‍ സ്‌പെഷ്യലിസ്റ്റല്ലെന്നും ചിദംബരം തന്റെ സ്‌റ്റോറിയില്‍ പറഞ്ഞു. ദിലീപുമായി ഒന്നിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടും അതില്‍ ഫേക്ക് എന്നും എഴുതിയാണ് ചിദംബരം തന്റെ സ്‌റ്റോറി പങ്കുവെച്ചത്.

ഫ്രൈഡേ മാറ്റിനി, സിനിമാ കൂട്ട് എന്നീ പേജുകളാണ് ഈ റൂമര്‍ പുറത്തുവിട്ടത്. എന്നാല്‍ അതെല്ലാം വ്യാജമാണെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയതോടെ ട്രോളന്മാര്‍ രംഗത്തെത്തി. ചിദംബരം തന്നെ എടുത്തിട്ട് ട്രോളിയല്ലോ എന്നാണ് പലരും പരിഹസിക്കുന്നത്. 2010 സമയത്തായിരുന്നെങ്കില്‍ ചിദംബരത്തിനെ ഇന്‍ഡസ്ട്രിയില്‍ ബാന്‍ ചെയ്‌തേനെയെന്നും ചിലര്‍ പരിഹാസരൂപേണ പോസ്റ്റുകള്‍ പങ്കുവെച്ചു.

തുടര്‍ പരാജയങ്ങള്‍ കാരണം ഇന്‍ഡസ്ട്രിയിലെ നിലനില്‍പ് തന്നെ അവതാളത്തിലായി നില്‍ക്കുന്ന നടനാണ് ദിലീപ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഭ ഭ ബ പോലും നിര്‍മാതാവിന് നല്‍കിയ നഷ്ടം വലുതാണ്. മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരത്തിന്റെ അതിഥിവേഷത്തിന് പോലും ചിത്രത്തെ രക്ഷിക്കാനായില്ല. ആരാധകര്‍ക്കിടയില്‍ മാത്രം ജനപ്രിയനായകനായി നില്‍ക്കുന്ന ദിലീപിന്റെ അടുത്ത പ്രൊജക്ടുകളെക്കുറിച്ചുള്ള റൂമറിനെയും ട്രോളന്മാര്‍ വെറുതേ വിടുന്നില്ല.

ചിദംബരത്തിന് പുറമെ സത്യന്‍ അന്തിക്കാടുമായും തരുണ്‍ മൂര്‍ത്തിയുമായും ദിലീപ് കൈകോര്‍ക്കുന്നുണ്ടെന്ന് ഫ്രൈഡേ മാറ്റിനി പോലുള്ള പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതൊന്നും സത്യമല്ലെന്നും നല്ല സിനിമകളൊന്നും ഇനി ദീലിപിന് ചെയ്യാനാകില്ലെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. നിസാം ബഷീറുമായുള്ള പ്രൊജക്ട് ഒഴിവാക്കി തങ്കമണി പോലുള്ള സിനിമകള്‍ ചെയ്യുന്ന ദിലീപിന്റെ സ്‌ക്രിപ്റ്റ് സെലക്ഷനെയും ട്രോളുന്നവരുണ്ട്.

ദിലീപ് Photo: Zee 5

രാമലീലക്ക് ശേഷം എടുത്തുപറയാന്‍ ഹിറ്റില്ലാത്ത അവസ്ഥയാണ് ദിലീപിന്റേത്. വന്‍ ബജറ്റിലെത്തിയ സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീഴുകയായിരുന്നു. കാലത്തിനൊത്ത് മാറുന്ന മലയാള സിനിമയില്‍ പഴയ പഴത്തൊലി സിനിമകളും കൊണ്ട് പിടിച്ചുനില്‍ക്കാനാകില്ലെന്ന് ദിലീപ് മനസിലാക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Chidambaram replied to the rumor that he is joining with Dileep

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more