| Saturday, 4th July 2026, 7:10 pm

ടൊവിനോ ഉറങ്ങുമ്പോൾ ബാലൻ കരയുന്ന സീൻ ആദ്യം എഴുതിയിരുന്നു , പക്ഷെ അത് ആ കഥാപാത്രത്തെ ഇല്ലാതാക്കുന്നത് കൊണ്ട് ഒഴിവാക്കി :ചിദംബരം

കെ.എസ് ഷാബിന

മഞ്ഞുമ്മൽ ബോയ്സ്’ എന്ന സെൻസേഷണൽ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ബാലൻ’. തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന ഈ ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും ഇതിനോടകം തന്നെ ഏറെ
ചർച്ചയായിക്കഴിഞ്ഞു.

പ്രത്യേകിച്ച്, അമ്മ വേഷം ചെയ്ത പുതുമുഖ നടി ഫർസാന പാലത്തിങ്കലും, ‘ബാലൻ’ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം ആദിശേഷനും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ബാലൻ.Photo:Screengrab

ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട്, പല നാട്ടിൽ പല പേരുകളിൽ ഒളിച്ചോടി ജീവിക്കേണ്ടി വരുന്ന ഒരു കുട്ടിയാണ് ബാലൻ. സിനിമയിലുടനീളം പ്രേക്ഷകരെ ഹോണ്ട് ചെയ്യുന്ന പ്രധാന ഘടകവും ഈ കഥാപാത്രം തന്നെയാണ്. പൊലീസിൻറെ പിടിയിലകപ്പെടുന്നതും, അവിടെനിന്ന് പരിചയമില്ലാത്ത നാട്ടിൽ അപരിചിതർക്കൊപ്പം ജീവിക്കേണ്ടി വരുന്നതുമെല്ലാം സിനിമയിൽ കാണാം.

തന്റെ ലോകമായിരുന്ന അമ്മയെ കണ്ടെത്താൻ കഴിയാതെ പോകുമ്പോഴും, സിനിമയിലെ ഒരു രംഗത്തിൽ പോലും ബാലൻ കരയുന്നതോ അവന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ വീഴുന്നതോ കാണാൻ കഴിയില്ല. സിനിമയിൽ എന്തുകൊണ്ടാണ് കുട്ടി കരയുന്ന രംഗം ഉൾപ്പെടുത്താതിരുന്നത് എന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ ചിദംബരം. സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിന്റെ കാരണം വെളിപ്പെടുത്തിയത്.

ബാലൻ.Photo:Screengrab

‘ആദ്യം നമ്മൾ സ്ക്രിപ്റ്റ് എഴുതിയപ്പോൾ ടൊവിനോ ഉറങ്ങിക്കിടക്കുമ്പോൾ ബാലൻ കരഞ്ഞുകൊണ്ട് നോക്കിനിൽക്കുന്ന ഒരു സീനാണ് വെച്ചിരുന്നത്. പക്ഷേ പിന്നീട് തോന്നി, അവൻ അങ്ങനെ കരഞ്ഞാൽ ആ കഥാപാത്രത്തെ നഷ്ടപ്പെടും. അതിനേക്കാൾ ഡെപ്ത് ഉള്ള ക്യാരക്റ്റർ ആണ് അവന്റേത്. അല്ലെങ്കിൽ അവന് കരയാൻ അറിയില്ല, വികാരങ്ങൾ പുറത്തുവിട്ട് കരഞ്ഞുതീർക്കാൻ അവനെ ആരും പഠിപ്പിച്ചിട്ടില്ല എന്ന രീതിയിലാണ് ആ ക്യാരക്ടർ ബിൽഡ് ചെയ്തിരിക്കുന്നത്.

ഒരു ഘട്ടത്തിൽ അവൻ അമ്മയോട് ‘എനിക്ക് സ്കൂളിൽ പോണം’ എന്ന് പറഞ്ഞ് ദേഷ്യപ്പെടുന്നുണ്ട്. തിരിച്ചും അവനോടു അവന്റെ ‘അമ്മ ദേഷ്യപ്പെടുന്നതായി കാണാം. കരഞ്ഞ് കാണിച്ച് എങ്കിലും അമ്മയെ കാര്യങ്ങൾ ബോധ്യപ്പെടുത്താം എന്ന വഴി അവന് അറിയില്ല. കാരണം, ജയിലിൽ വെച്ച് ആ വൂൾഫ്സ് അവനെ കംപ്ലീറ്റായി ഇല്ലാതാക്കിക്കളഞ്ഞിരുന്നു ‘ ചിദംബരം പറഞ്ഞു.

Content Highlight: Chidambaram explains why the boy doesn’t cry in Balan

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more