കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ മലയാള സിനിമ വലിയ രീതിയില്‍ ആഘോഷിച്ച സംവിധായകനാണ് ചിദംബരം എസ്. പൊതുവാള്‍. 2021ല്‍ പുറത്തിറങ്ങിയ ജാന്‍.എ.മന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിദംബരം 2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ തന്റെ പേര് ഇന്ത്യന്‍ സിനിമാലോകത്ത് അടയാളപ്പെടുത്തുകയായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നടക്കം അറുപത് കോടിയിലധികം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയിരുന്നു. എന്നാല്‍ മഞ്ഞുമ്മലിന് ശേഷം ചിദംബരം സംവിധാനം ചെയ്ത് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ബാലന്‍ ദി ബോയ് ആണ് സംവിധായകന്റെ പൊട്ടന്‍ഷ്യല്‍ പ്രേക്ഷകര്‍ക്ക് വെളിപ്പെടുത്തി നല്‍കിയത്.
ചിദംബരം രജിനിക്കൊപ്പം. Photo: SpotboyE
ആവേശം സംവിധായകന്‍ ജിത്തു മാധവന്റെ തിരക്കഥയില്‍ പിറന്ന ചിത്രത്തിന് വലിയ നിരൂപക പ്രശംസയാണ് റിലീസിന് പിന്നാലെ ലഭിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് സംസാരിക്കവെ മോഹന്‍ലാലിനെ നായകനാക്കി ചിദംബരം സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് ചിദംബരം വിരാമമിട്ടിരുന്നു. അത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും നിലവില്‍ അങ്ങനെയൊരു പ്ലാനിങ് ഇല്ലെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ താരത്തെ നായകനാക്കി ഒരു ചിത്രം ചെയ്യുകയാണെങ്കില്‍ പൊടി പറത്തുന്ന ഒരു ആക്ഷന്‍ ചിത്രം ചെയ്യുമെന്ന് ചിദംബരം പറഞ്ഞത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ട് സംസാരിക്കുകയാണ് ചിദംബരം. ദ ക്യൂവിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു പ്രേക്ഷകന്‍ എന്ന രീതിയിലാണ് ഞാന്‍ അന്ന് അങ്ങനെ പറഞ്ഞത്. ഒരു ഫിലിം മേക്കര്‍ എന്ന രീതിയില്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് പോകുമ്പോള്‍ എന്റെ സിനിമ ഉണ്ടാക്കാനായിരിക്കും ശ്രമിക്കുക. ആ ഴോണറും സെലിബ്രേറ്റ് ചെയ്യുക എന്നതിലാണ് രസം. അങ്ങനെ ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യാന്‍ നല്ല പണിയുണ്ട്, ഒട്ടും എളുപ്പമല്ല.
മോഹന്‍ലാല്‍. Photo: IMDB
വെയിലത്തെല്ലാം നിന്ന് ഫൈറ്റ് സ്വീക്വന്‍സെല്ലാം ഷൂട്ട് ചെയ്യുക കുറച്ച് ബുദ്ധിമുട്ടുള്ള പരിപാടിയാണ്. ഞാനിതുവരെ ആക്ഷന്‍ ത്രില്ലര്‍ ചെയ്തിട്ടില്ല. എനിക്ക് ആക്ഷനും മാസും എല്ലാമുള്ള ഒരു ചിത്രം ചെയ്യണമെന്നും ആഗ്രഹമുണ്ട്. അത് പുതിയ രീതിയില്‍ എങ്ങനെ ചെയ്യാം എന്നും ലാലേട്ടന്റെ ആ ഓറയെ എത്രത്തോളം യൂട്ടിലൈസ് ചെയ്യാമെന്നുമൊക്കെ ഉറപ്പായിട്ടും എക്‌സ്പിരിമെന്റ് ചെയ്യും,’ ചിദംബരം പറഞ്ഞു.
ചിദംബരത്തിന്റെ പടമില്ലെന്ന് സ്ഥിരീകരണം വന്നതോടെ വലിയ നിരാശയിലായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍. എന്നാല്‍ ഇവര്‍ക്ക് സന്തോഷമേകിക്കൊണ്ടായിരുന്നു ദിലീഷ് പോത്തന്‍-മോഹന്‍ലാല്‍ ചിത്രമായ നെടുങ്കണ്ടം മിറാക്കിള്‍ അനൗണ്‍സ് ചെയ്തത്.
Content Highlight: Chidambaram clarifies his plans about Mohanlal starrer Movie