| Friday, 24th February 2012, 7:32 pm

കോഴികളില്‍ മന്ത് രോഗ സിറം കുത്തിവെക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇറച്ചിക്കോഴികള്‍ക്ക് തൂക്കം കൂട്ടാന്‍ മന്തുരോഗത്തിന്റെ സിറം കുത്തിവയ്ക്കുന്നതായുള്ള പ്രചരണം അങ്ങേയറ്റം അശാസ്ത്രീയവും അടിസ്ഥാന രഹിതവുമാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയരക്ടര്‍ അറിയിച്ചു. ഈ പ്രചരണം ആരംഭിച്ചത് ഉത്തര കേരളത്തിലാണ്. ഇതിന് യാതാരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും, യുക്തിരഹിതമാണെന്നും മൃഗസംരക്ഷണ വകുപ്പ് കര്‍ഷകരോട് വ്യക്തമാക്കി.

തീറ്റ പരിവര്‍ത്തനശേഷി ഏറ്റവും കൂടുതലുള്ള കോഴിവര്‍ഗങ്ങളെയാണ് ഇറച്ചിക്കോഴികളായി ഉരുത്തിരിച്ചെടുക്കുന്നത്. പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ശാസ്ത്രീയമായി വികസിപ്പിച്ചെടുക്കുന്ന തീറ്റയും, വിറ്റാമിനുകളും, ധാതുലവണ മിശ്രിതങ്ങളും കൃത്യമായ അളവിലും തൂക്കത്തിലും നല്‍കിയാണ് ഇറച്ചിക്കോഴികളെ വളര്‍ത്തുന്നതെന്നും മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.

രക്തം കട്ടപിടിക്കുമ്പോള്‍ ഉണ്ടാകുന്ന ദ്രാവകമാണ് സിറം എന്നു പറയുന്നത്. രോഗാവസ്ഥയില്‍ രോഗാണുക്കള്‍ക്കെതിരായ (ബാക്ടീരിയ, വൈറസ് തുടങ്ങിയവ) പ്രതിവസ്തുക്കളാണ് (ആന്റിബോഡികള്‍) സിറത്തിലുണ്ടാവുക. അല്ലാതെ രോഗാണുവോ അതിന്റെ ആന്റിജനോ ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ സിറം കുത്തിവച്ചാല്‍ രോഗബാധ ഉണ്ടാവുന്ന പ്രശ്‌നമില്ല. മാത്രമല്ല മന്ത് രോഗിയുടെ സിറം കോഴികളില്‍ കുത്തിവയ്ക്കുന്നതു വഴി മന്തുരോഗം കോഴികള്‍ക്ക് ഉണ്ടാവുകയോ കോഴികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുകയോ ചെയ്യുന്നതല്ല.

വയനാട്ടില്‍ ഇതു സംബന്ധിച്ച വ്യാജപ്രചരണം ആരംഭിച്ച കാലത്ത് തന്നെ മൃഗസംരക്ഷണ വകുപ്പ്, വെറ്ററിനറി യൂണിവേഴ്‌സിറ്റി അധികൃതരും കോഴിവളര്‍ത്തല്‍ കര്‍ഷകരുമായി ചേര്‍ന്ന് ഇത്തരം ദുഷ്പ്രചരണങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഇത്തരം പരിശ്രമങ്ങള്‍ വെളിപ്പെടുത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഡയറക്ടര്‍ അറിയിച്ചു.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more