| Thursday, 2nd July 2026, 4:31 pm

പ്രതിഭകൊണ്ട് പ്ലെയിങ് ഇലവനിൽ അവന് സ്ഥാനമുണ്ട്; സൂപ്പർ താരത്തെ കുറിച്ച് പൂജാര

ഫസീഹ പി.സി.

ഇന്ത്യ തങ്ങളുടെ ടോപ് ത്രീയിൽ മാറ്റം വരുത്തേണ്ടതില്ലെന്നും സഞ്ജു സാംസണിനെ ടീമിൽ നിലനിർത്തണമെന്നും മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സഞ്ജു ടി – 20 ലോകകപ്പിൽ തന്റെ കഴിവ് തെളിയിച്ചതാണെന്നും പ്രതിഭ കൊണ്ട് അവന് പ്ലെയിങ് ഇലവനിൽ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് ഇത്രയധികം ചർച്ചകൾ ആവശ്യമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന ചിന്ത നല്ലതാണെന്നും എന്നാൽ ത്രീയിലുള്ള താരങ്ങളെ ഒഴിവാക്കാതെ ആർക്കെങ്കിലും വിശ്രമം നൽകി അത് പരീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചേതേശ്വർ പൂജാര. Photo: MahiPatel/x.com

‘ഇന്ത്യ സഞ്ജു സാംസണിനെ തന്നെ ടീമിൽ നിലനിർത്തണം എന്നാണ് എന്റെ അഭിപ്രായം. അവൻ അനാവശ്യമായി സമ്മർദത്തിലാകേണ്ട കാര്യമില്ല. ടി – 20 ലോകകപ്പിൽ തന്റെ കഴിവ് അവൻ തെളിയിച്ചതാണ്. പ്രതിഭ വെച്ച് തീർച്ചയായും പ്ലെയിങ് ഇലവനിൽ അവന് സ്ഥാനമുണ്ട്.

സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് ഇത്രയധികം ചർച്ചകൾ ആവശ്യമില്ല. അവൻ വളരെ മികച്ചൊരു കളിക്കാരനാണ്. അതിനാൽ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകണം. അവൻ അമിതമായി ചിന്തിക്കാതെ തന്റെ സ്വാഭാവികമായ രീതിയിൽ ബാറ്റ് ചെയ്താൽ മാത്രം മതി. വൈഭവിനെ കളിപ്പിക്കണമെന്നുണ്ടെങ്കിൽ തീർച്ചയായും കളിപ്പിക്കാം.

എന്നാൽ ആർക്കെങ്കിലും പകരമായി വൈഭവിനെ ഉൾപ്പെടുത്തുന്നതിന് പകരം, ആർക്കെങ്കിലും വിശ്രമം നൽകികൊണ്ട് അവസരം നൽകുകയാണ് വേണ്ടത്. അവനെ കളിപ്പിക്കണമെന്ന ആഗ്രഹം നല്ലതാണ്, എന്നാൽ സഞ്ജു, അഭിഷേക്, അല്ലെങ്കിൽ ഇഷാൻ കിഷൻ എന്നീ ആദ്യ മൂന്ന് താരങ്ങളിൽ ആരെയും ടീമിൽ നിന്ന് ഒഴിവാക്കരുത്. എന്തായാലും വൈഭവ് തീർച്ചയായും അവസരം അർഹിക്കുന്നുണ്ട്, അവന്റെ സമയവും വരും,’ പൂജാര ജിയോ ഹോട്ട്സ്റ്റാറിൽ പറഞ്ഞു.

മാസങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങിയ സഞ്ജുവിന് ഇതുവരെ തിളങ്ങാൻ സാധിച്ചിട്ടില്ല. അയർലാൻഡ് പരമ്പരയിൽ വെറും അഞ്ച് റൺസ് നേടിയ താരം ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടി – 20യിലും നിരാശപ്പെടുത്തിയിരുന്നു. ഏഴ് പന്തിൽ ഒരു റൺ മാത്രമാണ് വിക്കറ്റ് കീപ്പർ സ്കോർ ചെയ്തത്.

Content Highlight: Chetheswar Pujara says India should persist with Sanju Samson

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more