വെസ്റ്റ് ഇന്ഡീസും ഇന്ത്യയും തമ്മിലുള്ള പരമ്പരയിലെ നാലാമത്തെ മത്സരം ഇന്ന് നടക്കാനിരിക്കുകയാണ്. ഹൈദരാബാദിലാണ് മത്സരം. മത്സരത്തിന് മുന്നോടിയായി ഇന്ത്യന് താരങ്ങള്ക്ക് മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് മുന് താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ചേതേശ്വര് പൂജാര.
ചെറിയ കൂട്ടുകെട്ടുകള് കെട്ടിപ്പടുക്കുന്നതില് ഇന്ത്യന് താരങ്ങള് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സാഹചര്യങ്ങളെയും പിച്ചിനെയും മാനിക്കണമെന്നും പൂജാര പറഞ്ഞു. മാത്രമല്ല 260 – 270 റണ്സ് നേടണം എന്ന ചിന്തയില് അമിതമായി ആവേശം കൊള്ളരുതെന്നും വിക്കറ്റുകള് കയ്യിലുണ്ടെങ്കില് അവസാന അഞ്ച് ഓവറുകളില് പരമാവധി റണ്സ് എടുക്കാന് സാധിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ചെറിയ കൂട്ടുകെട്ടുകള് കെട്ടിപ്പടുക്കുന്നതില് അവര് ശ്രദ്ധ കേന്ദ്രീകരിക്കണം. ടി-20യില് ഒരു വിക്കറ്റ് നഷ്ടപ്പെട്ടാല്, അടുത്തതായി അഞ്ച്, പത്ത്, പതിനഞ്ച് റണ്സിന്റെ ചെറിയ കൂട്ടുകെട്ടുകള് ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്.
ഇത്തരത്തില് ചെറിയ കൂട്ടുകെട്ടുകള് ഉണ്ടാക്കാനായാല് അടുത്ത വിക്കറ്റ് വീഴുന്നത് വൈകിപ്പിക്കാനാകും. സാഹചര്യങ്ങളെയും പിച്ചിനെയും മാനിച്ചുകൊണ്ട് കളിക്കണം. അതിനുശേഷം മാത്രമേ എത്ര റണ്സ് ലക്ഷ്യമിടാമെന്ന് ചിന്തിക്കാവൂ.
നല്ല തുടക്കം ലഭിച്ചാല്, മധ്യനിര ബാറ്റര്മാര് നേരിടുന്ന പ്രധാന വെല്ലുവിളി എത്ര റണ്സ് നേടാനാകുമെന്ന് കൃത്യമായി വിലയിരുത്തുക എന്നതാണ്. ചിലപ്പോള് ബാറ്റര്മാര്ക്ക് അമിതമായി സമ്മര്ദം ഉണ്ടാകാറുണ്ട്. അത്തരം സമയത്ത് 260-270 റണ്സ് നേടണമെന്ന ചിന്തയില് അമിതമായി ആവേശംകൊള്ളരുത്.
അങ്ങനെ ചിന്തിക്കുമ്പോള് കൂടുതല് ഷോട്ടുകള് കളിക്കാന് ശ്രമിച്ച് പുറത്താകാനുള്ള സാധ്യതയുണ്ട്. അതിനുപകരം, 15ാം ഓവര് വരെ ഉത്തരവാദിത്തത്തോടെ നല്ല ക്രിക്കറ്റ് കളിക്കണം. വിക്കറ്റുകള് കൈയിലുണ്ടെങ്കില് അവസാന അഞ്ച് ഓവറുകളില് പരമാവധി റണ്സ് നേടാന് ശ്രമിക്കാം,’ ക്രിക്ഇന്ഫോയിലെ ചര്ച്ചയില് പൂജാര പറഞ്ഞു.
അതേസമയം വെസ്റ്റ് ഇന്ഡീസിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള് ഇന്ത്യ 2-1ന് മുമ്പിലാണ്.
Content Highlight: Cheteshwar Pujara Warns Indian Batters Before Fourth T20 Match Against West Indies