| Wednesday, 1st July 2026, 2:51 pm

അവന്‍ സ്വയം കഴിവ് തെളിയിക്കണം: നിര്‍ദേശവുമായി പൂജാര

സുദേവ് എ

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരക്ക് ഇന്ന് തുടക്കമാവും. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയില്‍ പരാജയപ്പെട്ടാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെയുള്ള സീരിസിനൊരുങ്ങുന്നത്. ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ അടിയറവ് പറഞ്ഞത്.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ പരാജയപ്പെടുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരു പരമ്പര പരാജയപ്പെടാതെ മുന്നേറിയ ഇന്ത്യ പുതിയ ക്യാപ്റ്റന്റെ കീഴില്‍ പരാജയപ്പെടുകയായിരുന്നു. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് പരമ്പരയില്‍ ശക്തമായി തിരിച്ചുവരാനാവും ശ്രേയസ് അയ്യരും സംഘവും ലക്ഷ്യം വെക്കുക.

ഇപ്പോള്‍ ആദ്യ മത്സരത്തിന് മുന്നോടിയായി ശ്രേയസ് അയ്യരിന് ഒരു വലിയ നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ശ്രേയസ് ഒരു ബാറ്ററെന്ന നിലയില്‍ തന്റെ കഴിവ് തെളിയിക്കണമെന്നാണ് പൂജാര പറഞ്ഞത്. ശ്രേയസിന്റെ ക്യാപ്റ്റന്‍സിയെ പൂജാര പ്രശംസിക്കുകയും ചെയ്തു. സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെയും സ്വതന്ത്രമായും കളിക്കാന്‍ അവസരം നല്‍കുന്ന ക്യാപ്റ്റനാണ് അയ്യരെന്നും പൂജാര വ്യക്തമാക്കി. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ മുന്‍ ഇന്ത്യന്‍ താരം ഇക്കാര്യം പറഞ്ഞത്.

‘ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് എനിക്ക് യാതൊരു സംശയവുമില്ല. എന്നാല്‍ ഒരു ബാറ്ററായി ഇനി അദ്ദേഹത്തിന് പല വെല്ലുവിളികള്‍ നേരിടേണ്ടി വരും. ബാറ്ററെന്ന നിലയില്‍ അദ്ദേഹം സ്വയം കഴിവ് തെളിയിക്കണം. ഐ.പി.എല്ലില്‍ പഞ്ചാബിനെ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം മികച്ച രീതിയില്‍ നയിച്ചു. അതുകൊണ്ടാണ് ശ്രേയസിനെ ക്യാപ്റ്റനായി വീണ്ടും തെരഞ്ഞെടുത്തത്. ടീമിനെ മുന്നില്‍ നിന്നും നയിക്കുന്ന ക്യാപ്റ്റനാണ് അദ്ദേഹം. സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെയും സ്വതന്ത്രമായും കളിക്കാന്‍ അവസരം നല്‍കുന്ന ക്യാപ്റ്റനുമാണ് അയ്യര്‍,’ പൂജാര പറഞ്ഞു.

ഐ.പി.എല്ലിലെ ക്യാപ്റ്റന്‍സി മികവിന് പിന്നാലെയാണ് ശ്രേയസ് ഇന്ത്യയുടെ പുതിയ നായകനായി ചുമതലയേറ്റത്. പഞ്ചാബ് കിങ്‌സിനൊപ്പം മികച്ച പ്രകടനമായിരുന്നു അയ്യര്‍ നടത്തിയത്. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലിലേക്ക് നയിക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു.

പഞ്ചാബിന് പുറമെ നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐ.പി.എല്‍ കിരീടം നേടിക്കൊടുക്കാന്‍ അയ്യര്‍ക്ക് സാധിച്ചിരുന്നു. 2024ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് അയ്യരിന്റെ കീഴില്‍ കൊല്‍ക്കത്ത ചാമ്പ്യന്മാരായത്.

ദല്‍ഹി ക്യാപിറ്റല്‍സിനെ ചരിത്രത്തിലെ ആദ്യ ഫൈനലിലേക്ക് കൈപിടിച്ചുയര്‍ത്താനും അയ്യര്‍ക്ക് സാധിച്ചിരുന്നു. ഇതോടെ ഐ.പി.എല്ലില്‍ മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസിയെ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനായും അയ്യര്‍ മാറി.

ടി-20യില്‍ ഇന്ത്യയെ നയിക്കുന്ന 12ാം ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍. വിരേന്ദര്‍ സെവാഗ്, എം.എസ് ധോണി, സുരേഷ് റെയ്‌ന, അജിന്‍ക്യ രഹാനെ, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, റിഷബ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, കെ.എല്‍ രാഹുല്‍, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കു ശേഷമാണ് ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കുപ്പായമണിഞ്ഞത്.

Content Highlight: Cheteshwar Pujara talks about Shreyas Iyer captaincy

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more