| Saturday, 8th August 2026, 7:54 am

അവന്‍ എനിക്കെതിരെ പന്തെറിയില്ലെന്ന് പറഞ്ഞു: ഓര്‍മകള്‍ പങ്കുവെച്ച് പൂജാര

സുദേവ് എ

2021 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിക്കുന്ന സമയങ്ങളില്‍ ഉണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം ചേതേശ്വര്‍ പൂജാര. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡുമയുണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് പൂജാര സംസാരിച്ചത്. ചെന്നൈയില്‍ പരിശീലന സമയങ്ങളില്‍ തനിക്കെതിരെ പന്തെറിയാന്‍ ഹേസല്‍വുഡ് വിസമ്മതിച്ചുവെന്നാണ് പൂജാര പറഞ്ഞത്.

2018, 2021 ബോര്‍ഡര്‍-ഗവാസ് ട്രോഫിയില്‍ ഹേസല്‍വുഡ് തനിക്കെതിരെ ധാരാളം പന്തെറിഞ്ഞതുകൊണ്ടാണ് ചെന്നൈയിലെത്തിയപ്പോള്‍ പന്തെറിയില്ലെന്ന് ഹേസല്‍വുഡ് പറഞ്ഞതെന്ന് പൂജാര ഓര്‍മിച്ചു. ജിയോ ഹോട്സ്റ്റാറിന്റെ ‘ചീക്കി സിംഗിള്‍സ്’ എന്ന പരിപാടിയിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘2018ലും 2021ലും ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഞാന്‍ ജോഷിനെതിരെ ഒരുപാട് കളിച്ചിട്ടുണ്ട്. പിന്നീട് സി.എസ്.കെ എന്നെ ടീമിലെടുത്തു. ആദ്യമായി നെറ്റ്‌സില്‍ ബാറ്റ് ചെയ്യാന്‍ പോയപ്പോള്‍ ഹേസല്‍വുഡ് എനിക്കെതിരെ പന്തെറിയാന്‍ തയ്യാറായില്ല. ‘ഞാന്‍ ഇനി അദ്ദേഹത്തിനെ പന്തെറിയില്ല’ ഹേസല്‍വുഡ് എന്നോട് തമാശയായി പറഞ്ഞു.

ഐ.പി.എല്‍ തുടങ്ങുന്നതിന് മുമ്പുള്ള മാസങ്ങളില്‍ അദ്ദേഹം എനിക്ക് ഒരുപാട് തവണ ബോള്‍ എറിഞ്ഞിട്ടുണ്ട്. അതിനാലാണ് ഇനി പന്തെറിയില്ലെന്ന് അദ്ദേഹം തമാശയായി പറഞ്ഞത്. എന്നാല്‍ തമാശ പറഞ്ഞതാണെങ്കിലും അന്ന് അദ്ദേഹം എനിക്ക് ശരിക്കും ബോള്‍ എറിഞ്ഞില്ല’, പൂജാര പറഞ്ഞു.

പൂജാര ഒരു വര്‍ഷം മാത്രമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിട്ടുള്ളത്. ചെന്നൈക്ക് വേണ്ടി ഒറ്റ മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ പൂജാരക്ക് സാധിച്ചിരുന്നില്ല.

അതേസമയം പൂജാര കഴിഞ്ഞ വര്‍ഷം ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെതായ കയ്യൊപ്പ് എഴുതിച്ചേര്‍ത്ത് താരമാണ് പൂജാര.

2010ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ പൂജാര 2023 വരെയാണ് ഫോര്‍മാറ്റില്‍ കളിച്ചത്. 103 മത്സരങ്ങളിലെ 176 ഇന്നിങ്സില്‍ നിന്ന് 7195 റണ്‍സ് താരം നേടി. 206* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 43.6 എന്ന മികച്ച ആവറേജുമാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്. 19 സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളും പൂജാര ടെസ്റ്റില്‍ നിന്ന് സ്വന്തമാക്കി.

ഏകദിനത്തില്‍ 2013 കാലത്ത് അരങ്ങേറിയ താരം വെറും അഞ്ച് മത്സരങ്ങളില്‍ നിന്ന് 51 റണ്‍സ് മാത്രമാണ് നേടിയത്. ഐ.പി.എല്ലില്‍ 30 മത്സരങ്ങളില്‍ നിന്ന് 390 റണ്‍സും താരം നേടി. 2023 ജൂണില്‍ ഓവലില്‍ ഓസ്ട്രേലിയക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.

Content Highlight: Cheteshwar Pujara talks about an incident with Josh Hazelwood

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more