| Monday, 24th August 2026, 7:27 am

അദ്ദേഹം ബാറ്റിങ്ങിനിറങ്ങിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് പണി കിട്ടും; തുറന്ന് പറഞ്ഞ് പൂജാര

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്തിന് പരിക്ക് പറ്റിയിരുന്നു. ഇപ്പോള്‍ താരത്തിന്റെ പരിക്ക് ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. പന്ത് ബാറ്റിങ്ങിനിറങ്ങിയില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന് വലിയൊരു പ്രശ്‌നമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

‘പന്ത് ബാറ്റിങ്ങിനിറങ്ങിയില്ലെങ്കില്‍, അത് ഇന്ത്യന്‍ ടീമിന് വലിയൊരു പ്രശ്‌നമായിരിക്കും. അദ്ദേഹത്തിന്റെ ബാറ്റിങ് നിര്‍ണായകമാണ്. ലോവര്‍ മിഡില്‍ ഓര്‍ഡറിലും ടെയില്‍ എന്‍ഡിലും ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. അത്രയും ആക്രമണാത്മകമായി ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും. അതിനാല്‍, റിഷബ് ബാറ്റിങ്ങിനിറങ്ങിയാല്‍, ഇന്ത്യന്‍ ടീമിന് കാര്യങ്ങള്‍ അല്‍പ്പം എളുപ്പമായിരിക്കും, പക്ഷെ അദ്ദേഹം ബാറ്റ് ചെയ്തില്ലെങ്കില്‍ ഇന്ത്യന്‍ ടീം അല്‍പ്പം ജാഗ്രത പാലിക്കേണ്ടിവരും,’ പൂജാര ക്രിക്ക്ഇന്‍ഫോയില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.

മത്സരത്തിലെ ആദ്യ ദിനത്തില്‍ ഇടതുകൈയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പന്ത് കളം വിട്ടത്.

മൂന്നാം സെഷനില്‍, ശ്രീലങ്കന്‍ സീമര്‍ ലഹിരു കുമാരയുടെ ഒരു ഷോര്‍ട്ട് ബോളിലാണ് പന്തിന് പരിക്ക് പറ്റിയത്. 15 പന്തില്‍ നിന്ന് മൂന്ന് റണ്‍സുമായാണ് താരം റിട്ടയേഡ് ഔട്ട് ആയത്.

അതേസമയം ആദ്യ ദിനം അവസാനിക്കുമ്പോള്‍ മികച്ച സ്‌കോറുമായി മുന്നേറുകയാണ് ഇന്ത്യ. കൊളംബോയിലെ സിംഹളീസ് സ്പോര്‍ട്സ് ക്ലബ്ബ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 എന്ന നിലയിലാണ് ഇന്ത്യ ആദ്യ ദിനം അവസാനിപ്പിച്ചത്.

ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കടുക്കുന്നത്. 193 പന്ത് നേരിട്ട് 117 റണ്‍സുമായാണ് പടിക്കല്‍ കളം വിട്ടത്.

ശ്രീലങ്കന്‍ മണ്ണില്‍ കളിക്കുന്ന മൂന്നാം ഇന്നിങ്സിലാണ് രണ്ടാം സെഞ്ച്വറിയുമായി പടിക്കല്‍ തിളങ്ങിയത്. ഗല്ലെയില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിലും പടിക്കലിന്റെ ബാറ്റില്‍ നിന്നും ട്രിപ്പിള്‍ ഡിജിറ്റ് പിറന്നിരുന്നു.

Content Highlight: Cheteshwar Pujara Talking About Rishabh Pant

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more