ശ്രീലങ്കയ്‌ക്കെതിരായ രണ്ടാമത്തെ ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെക്കുറിച്ച് സംസാരിച്ച് ഇതിഹാസം ചേതേശ്വര്‍ പൂജാര. മത്സരത്തില്‍ ഗില്‍ അല്‍പ്പം പ്രതിരോധത്തിലായിരുന്നുവെന്നും ഒരുപാട് മത്സരത്തില്‍ ഇന്ത്യയെ നയിച്ചിട്ടില്ലാത്തതിനാല്‍ അനുഭവ പരിചയം കുറവാണെന്നും പൂജാര പറഞ്ഞു. മാത്രമല്ല തെറ്റുകളില്‍ നിന്ന് ഗില്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും പൂജാര വിശ്വസിക്കുന്നു.
‘ഗില്‍ അല്‍പ്പം പ്രതിരോധത്തിലായിരുന്നു. ഒരുപാട് കളികളില്‍ അദ്ദേഹം ടീമിനെ നയിച്ചിട്ടില്ല. അതിനാല്‍ അദ്ദേഹത്തിന് അനുഭവ പരിചയം കുറവാണ്. തന്റെ തെറ്റുകളില്‍ നിന്ന് അദ്ദേഹം പഠിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ആക്രമിച്ചു കളിക്കേണ്ടതുണ്ട്. നിങ്ങള്‍ കളിയില്‍ മുന്നിലായിരിക്കുമ്പോള്‍ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. ശ്രീലങ്ക കളിയില്‍ മുന്നിലായിരുന്നില്ല, ഇന്ത്യയായിരുന്നു,’ പൂജാര പറഞ്ഞു.
ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. കൊളംബോയിലെ സിംഹളീസ് സ്പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഫോളോ ഓണിനിറങ്ങിയ ലങ്കയുടെ അപരാജിത ചെറുത്തുനില്‍പ്പാണ് മത്സരം സമനിലയിലേക്കെത്തിച്ചത്.
മത്സരത്തിന്റെ നാല് ദിവസവും വിജയം മുമ്പില്‍ കണ്ട ഇന്ത്യയുടെ കൈകളില്‍ നിന്നും അവസാന ദിവസത്തെ ചെറുത്തുനില്‍പ്പിലൂടെ ലങ്ക വിജയം തട്ടിയകറ്റുകയായിരുന്നു.
ഇന്ത്യ: 503/9d
ശ്രീലങ്ക: 290 & 429/9 (f/o)
അപരാജിത ചെറുത്തുനില്‍പ്പുമായി ലങ്കയെ തോല്‍വിയില്‍ നിന്നും കരകയറ്റിയ സോനല്‍ ദിനുഷ കളിയിലെ താരമായപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ് പരമ്പരയുടെ താരമായത്.
മൂന്ന് ഇന്നിങ്സില്‍ നിന്നും 328 റണ്‍സ് നേടിയാണ് പടിക്കല്‍ കരുത്ത് കാട്ടിയത്. രണ്ട് സെഞ്ച്വറിയടക്കം 109.33 എന്ന ശരാശരിയിലാണ് താരം സ്‌കോര്‍ ചെയ്തത്. അതേസമയം ലങ്കയ്ക്ക് വേണ്ടി രണ്ട് ടെസ്റ്റിലെ നാല് ഇന്നിങ്‌സില്‍ നിന്ന് 420 റണ്‍സാണ് താരം നേടിയത്. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് താരം നേടിയത്.
Content Highlight: Cheteshwar Pujara Talking About Indian Captain Shubhman Gill