| Wednesday, 28th May 2025, 11:05 pm

ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുപ്രധാന വഴിത്തിരിവാണിത്; തുറന്ന് പറഞ്ഞ് ചേതേശ്വര്‍ പൂജാര

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് അടുത്തിടെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്.

വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്. രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും അപ്രതീക്ഷിത വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.

ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയെക്കുറിച്ച് സംസാരിക്കുകയാണ് സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാര. ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയില്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ നടന്ന 19 പരമ്പരയില്‍ മൂന്നെണ്ണം മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചതെന്ന് പൂജാര പറഞ്ഞു. മാത്രമല്ല സീനിയര്‍ താരങ്ങളായ വിരാടിനും രോഹിത്തിനും ശേഷം ഇംഗ്ലണ്ടില്‍ പോകുന്ന ഒരു യുവ ഇന്ത്യന്‍ ടീമിന് പരമ്പര വെല്ലുവിളിയാണെങ്കിലും ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഒരു ടീമിന്റെ മനസിന്റെ കരുത്തിന്റെയും പൊരുത്തപ്പെടുത്തലിന്റെയും യഥാര്‍ത്ഥ അളവുകോലാണ്. കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍, ഇംഗ്ലീഷ് മണ്ണില്‍ നടന്ന 19 പരമ്പരകളില്‍ മൂന്നെണ്ണം മാത്രമേ ഇന്ത്യക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ, അത് ഈ പരമ്പര ഞങ്ങള്‍ക്ക് എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് എടുത്തുകാണിക്കുന്നു.

യുവത്വവും ഊര്‍ജ്ജസ്വലതയും നിറഞ്ഞ ഒരു ടീമിനൊപ്പനമുള്ള ഈ പര്യടനം ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു സുപ്രധാന വഴിത്തിരിവാണ്. ഈ സംഘം അവസരത്തിനൊത്ത്, ഭാവി തലമുറകള്‍ക്കായി എംങ്ങനെ ഉയര്‍ന്ന് വരുമെന്ന് കാണാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു,’ പൂജാര ഐ.എ.എന്‍.എസിനോട് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

Content highlight: Cheteshwar Pujara Talking About India VS England Test Series

We use cookies to give you the best possible experience. Learn more