അടുത്തിടെ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച സൂപ്പര്‍താരമായിരുന്നു ചേതേശ്വര്‍ പൂജാര. ക്രിക്കറ്റിലെ വിരമിക്കല്‍ തീരുമാനമെടുത്തതിന്റെ കാരണത്തെക്കുറിച്ച് ഇപ്പോള്‍ തുറന്നു സംസാരിക്കുകയാണ് അദ്ദേഹം. ഇന്ത്യ ടുഡേയോടുള്ള അഭിമുഖത്തിലാണ് മുന്‍ താരം സംസാരിച്ചത്.
നൂറിലധികം ടെസ്റ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും തിരിഞ്ഞു നോക്കുമ്പോള്‍ തന്റെ കരിയറില്‍ പൂണ സംതൃപ്തി ഉണ്ടെന്നും പൂജാര പറഞ്ഞു.
എപ്പോഴായാലും ഒരാള്‍ തീരുമാനമെടുക്കേണ്ടി വരുമെന്നും ഒരാഴ്ച മുമ്പാണ് താന്‍ ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചതെന്നും പൂജാര പറഞ്ഞു.
പുതിയ സീസണിന്റെ തയ്യാറെടുപ്പിലായിരുന്നു താനെന്നും എന്നാല്‍ വേണ്ടപ്പെട്ടവരുടെ ആലോചിച്ചപ്പോള്‍ വിരമിക്കല്‍ തീരുമാനമെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല താന്‍ വിരമിക്കുമ്പോള്‍ ഒരു യുവതാരത്തിന് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘100ലധികം ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ എന്ത് നിറവേറ്റാന്‍ സാധിച്ചില്ല എന്ന് ഓര്‍ത്ത് വിഷമിക്കുന്നതിനുപകരം ഞാന്‍ എന്ത് ചെയ്തു എന്നതില്‍ അഭിമാനിക്കുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് സംതൃപ്തി തോന്നുന്നു. രാജ്യത്തിനായി എന്റെ പരമാവധി ഞാന്‍ നല്‍കിയെന്നും ചില മികച്ച ഓര്‍മകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും എനിക്കറിയാം.
ഒരാള്‍ എപ്പോളായാലും തീരുമാനം എടുക്കേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നു. ഒരു കായികതാരത്തിന്റെ ജീവിതത്തില്‍ എപ്പോഴും മുന്നോട്ട് പോകേണ്ട ഒരു സമയം വരും. എനിക്ക് ഈ ചിന്ത വന്നത് ഏകദേശം ഒരു ആഴ്ച മുമ്പാണ്, ഞാന്‍ എന്റെ കുടുംബാംഗങ്ങളോട് സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ്.
സീസണിനായുള്ള തയ്യാറെടുപ്പ് ആരംഭിക്കാന്‍ പോകുകയായിരുന്നു ഞാന്‍, പക്ഷേ ഞാന്‍ തുടരണോ വേണ്ടയോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. അതിനാല്‍ ഞാന്‍ എന്റെ കുടുംബത്തോടും, എന്റെ സുഹൃത്തുക്കളോടും, ചില സഹതാരങ്ങളോടും, ഞാന്‍ എപ്പോഴും ആലോചിക്കുന്ന മുതിര്‍ന്ന ക്രിക്കറ്റ് കളിക്കാരോടും സംസാരിച്ചു.
ഞാനെടുത്ത തീരുമാനം ഒരു യുവ കളിക്കാരന് സൗരാഷ്ട്ര ടീമിന്റെ ഭാഗമാകാനും, അനുഭവം നേടാനും, കരിയറില്‍ മുന്നേറാനും പുതിയ റോളിലേക്ക് ചുവടുവെക്കാനും അവസരം നല്‍കുന്നതിനാല്‍ മുന്നോട്ട് പോകാനുള്ള ശരിയായ സമയമായിരിക്കുമെന്ന് എനിക്ക് തോന്നി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ലാത്തതിനാല്‍, യുവ കളിക്കാര്‍ക്ക് ആ അവസരം നല്‍കുന്നതിനെക്കുറിച്ചായിരുന്നു എന്റെ തീരുമാനം,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെതായ കയ്യൊപ്പ് എഴുതിച്ചേര്‍ത്ത് താരമാണ് പൂജാര. 2010ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ പൂജാര 2023 വരെയാണ് ഫോര്‍മാറ്റില്‍ കളിച്ചത്. 103 മത്സരങ്ങളിലെ 176 ഇന്നിങ്‌സില്‍ നിന്ന് 7195 റണ്‍സ് താരം നേടി. 206* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 43.6 എന്ന മികച്ച ആവറേജുമാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്. 19 സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളും പൂജാര ടെസ്റ്റില്‍ നിന്ന് സ്വന്തമാക്കി.
ഏകദിനത്തില്‍ 2013 കാലത്ത് അരങ്ങേറിയ താരം വെറും അഞ്ച് മത്സരങ്ങളില്‍ നിന്ന് 51 റണ്‍സ് മാത്രമാണ് നേടിയത്. ഐ.പി.എല്ലില്‍ 30 മത്സരങ്ങളില്‍ നിന്ന് 390 റണ്‍സും താരം നേടി.
ഇന്ത്യക്കുവേണ്ടി ടെസ്റ്റില്‍ നിര്‍ണായക പ്രകടനമാണ് താരം തന്റെ കരിയറിലൂടെ നീളം കാഴ്ചവെച്ചത്. എന്നിരുന്നാലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തെ പലതവണ ടീമില്‍ നിന്ന് തഴഞ്ഞിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മുതല്‍ നിരവധി പരമ്പരകള്‍ ഇന്ത്യക്ക് വേണ്ടി വിജയിക്കാനും പൂജാരക്ക് സാധിച്ചു. 2023 ജൂണില്‍ ഓവലില്‍ ഓസ്‌ട്രേലിയക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.
സ്വന്തം നാട്ടില്‍ 3839 റണ്‍സാണ് റെഡ് ബോളില്‍ നിന്ന് താരം സ്വന്തമാക്കിയത്. വിദേശ പിച്ചുകളിലും ആധിപത്യം സ്ഥാപിച്ച് എതിരാളികളെ വിയര്‍പ്പിക്കാന്‍ മുന്‍പന്തിയിലായിരുന്നു പൂജാര. ഓസ്‌ട്രേലിയയില്‍ 201819 സീസണില്‍ തന്റെ മൂന്ന് സെഞ്ച്വറി കരുത്തില്‍ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആദ്യമായി വിജയിക്കാനും ചരിത്രം കുറിക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു.
Content Highlight: Cheteshwar pujara Talking About His Retirement