| Monday, 24th August 2026, 9:59 am

രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നോക്കി ഒരു കളിക്കാരനെ വിലയിരുത്തരുത്: ചേതേശ്വര്‍ പൂജാര

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം നടക്കുകയാണ്. ആദ്യ ദിനം അവസാനിച്ചപ്പോള്‍ മികച്ച സ്‌കോറുമായി മുന്നേറുകയാണ് ഇന്ത്യ. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 300 എന്ന നിലയിലാണ് ഇന്ത്യ ആദ്യ ദിനം അവസാനിപ്പിച്ചത്.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറിയടിച്ച് മിന്നും പ്രകടനമാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കല്‍ കാഴ്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ ദേവ്ദത്ത് പടിക്കലിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇതിഹാസ താരം ചേതേശ്വര്‍ പൂജാര.

ലങ്കന്‍ ടെസ്റ്റിന് ശേഷമുള്ള ന്യൂസിലാന്‍ഡ് ടെസ്റ്റിലും ദേവ്ദത്ത് പടിക്കല്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം നമ്പറില്‍ കളിക്കുമെന്ന് പൂജാര പറഞ്ഞു. ദീര്‍ഘകാലം പടിക്കല്‍ ഇന്ത്യയുടെ മൂന്നാം സ്ഥാനത്ത് തുടരുമോ എന്നും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നോക്കി ഒരു കളിക്കാരനെ വിലയിരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

‘അതെ, അദ്ദേഹം ന്യൂസിലാന്‍ഡില്‍ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യും. പക്ഷേ, ദീര്‍ഘകാലം അദ്ദേഹം ഇന്ത്യയുടെ മൂന്നാം സ്ഥാനത്ത് തുടരുമോ? അത് ഭാവിയിലെ കാര്യമാണ്. അദ്ദേഹം മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നതെങ്കിലും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നോക്കി ഒരു കളിക്കാരനെ വിലയിരുത്തരുത്.

ഇന്ത്യ ന്യൂസിലാന്‍ഡില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും, കൂടാതെ ഇന്ത്യയില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയുമുണ്ട്. രണ്ട് പരമ്പരകളിലും മൂന്നാം സ്ഥാനത്ത് സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചാല്‍, മൂന്നാം സ്ഥാനത്ത് അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിക്കും. അദ്ദേഹത്തിന്റെ മേല്‍ അധികം സമ്മര്‍ദം ചെലുത്തരുത്,’ പൂജാര ക്രിക്ക്ഇന്‍ഫോയില്‍ പറഞ്ഞു.

ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കടുക്കുന്നത്. 193 പന്ത് നേരിട്ട് 117 റണ്‍സുമായാണ് പടിക്കല്‍ കളം വിട്ടത്.

ശ്രീലങ്കന്‍ മണ്ണില്‍ കളിക്കുന്ന മൂന്നാം ഇന്നിങ്സിലാണ് രണ്ടാം സെഞ്ച്വറിയുമായി പടിക്കല്‍ തിളങ്ങിയത്. ഗല്ലെയില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ 167 റണ്‍സും പടിക്കലിന്റെ ബാറ്റില്‍ നിന്നും പിറന്നിരുന്നു. മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മികച്ച പ്രകടനം പുറത്തെടുത്തു. 108 പന്ത് നേരിട്ട് 50 റണ്‍സുമായാണ് ക്യാപ്റ്റന്‍ മടങ്ങിയത്. ആറ് ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

മത്സരത്തില്‍ 45 റണ്‍സടിച്ച യശസ്വി ജെയ്‌സ്വാളിന്റെയും 43 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെയും ഇന്നിങ്സും ആദ്യ ദിനം ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു.

ലങ്കയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് അസിതാ ഫര്‍ണാണ്ടോയാണ്. മന്ന് വിക്കറ്റുകളാണ് ആദ്യ ദിനം താരം നേടിയത്. ലഹിരു കുമാര, കേശര നുവാന്ത എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Cheteshwar Pujara Talking About Devdutt Padikkal

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more