| Thursday, 25th June 2026, 5:21 pm

ഇന്ത്യയുടെ ടോപ് ത്രീ പൊസിഷനില്‍ ആരെല്ലാം കളിക്കും; അഭിപ്രായവുമായി പൂജാര

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പര ജൂലൈ ഒന്ന് മുതലാണ് ആരംഭിക്കുന്നത്. എന്നാല്‍ മത്സരത്തിനായുള്ള ഇന്ത്യന്‍ ടീമിന്റെ ടോപ് ഓര്‍ഡറിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര പറയുന്നത്.

അഭിഷേക് ശര്‍മയും സഞ്ജു സാംസണും ഓപ്പണര്‍മാരായി തുടരുമെന്നും ഇഷാന്‍ കിഷന്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തുമെന്നും പൂജാര അഭിപ്രായപ്പെട്ടു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം. അതേസമയം വൈഭവ് സൂര്യവംശിക്ക് ഒരു മത്സരമെങ്കിലും കളിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍

‘ഇന്ത്യയുടെ ടോപ് ത്രീ ആയ അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരില്‍ മാറ്റമുണ്ടാകുമെന്നൊന്നും ഞാന്‍ കാണുന്നില്ല. സഞ്ജു സാംസണും ഇഷാന്‍ കിഷനും ഓപ്പണിങ് ഇലവന്റെ ഭാഗമാകുമെന്ന് ഉറപ്പാണ്. ഇന്ത്യ അവരുടെ കളിക്കാരെ റൊട്ടേറ്റ് ചെയ്യുകയാണെങ്കില്‍ വൈഭവ് സൂര്യവംശി തീര്‍ച്ചയായും ഒരു മത്സരത്തിലെങ്കിലും കളിക്കും,’ പൂജാര പറഞ്ഞു.

അതേസമയം ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി-20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. രണ്ട് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ജൂണ്‍ 26നാണ് ആരംഭിക്കുന്നത്. രണ്ടാം മത്സരം ജൂണ്‍ 28നും അരങ്ങേറും.

വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യത്തെ ടി-20 പരമ്പരയാണിത്. സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായാണ് അയ്യര്‍ ഇന്ത്യന്‍ നായകനായി സ്ഥാനമേറ്റത്. തിലക് വര്‍മയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ 15കാരനായ വൈഭവ് സൂര്യവംശിയും ഇടം നേടിയിരുന്നു.

ഇടം കയ്യന്‍ ഓപ്പണറായ വൈഭവിന് വരും മത്സരങ്ങില്‍ കളിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയുടെ ഇലവനില്‍ നിന്ന് നിലവിലെ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയോ സഞ്ജുവോ മാറി നില്‍ക്കേണ്ടി വരും. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള സ്‌ക്വാഡിലും വൈഭവ് ഇടം നേടിയതോടെ ടോപ് ഓര്‍ഡറില്‍ വമ്പന്‍ പ്രകടനം കാഴ്ചവെച്ച് സ്ഥാനം നിലനിര്‍ത്തുന്നത് ആരാകും എന്നത് കണ്ടറിയേണ്ടി വരും.

Content Highlight: Cheteshwar Pujara Talking About Changes In Indian Top Order Against England T-20 Series

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more