| Sunday, 18th October 2026, 4:11 pm

സഞ്ജുവിന് ഫോമിലല്ലെന്ന് പറയാനാകില്ല; പിന്തുണയുമായി ചേതേശ്വര്‍ പൂജാര

ശ്രീരാഗ് പാറക്കല്‍

വെസ്റ്റ് ഇന്‍ഡീസും ഇന്ത്യന്‍ തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പര സമനിലയില്‍ കലാശിച്ചിരുന്നു. ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാനത്തെ മത്സരം മഴമൂലം ഒഴിവാക്കിയതേടെ പരമ്പര 2-2 എന്ന നിലയില്‍ സമനിലയാവുകയും ചെയ്തു.

പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കാഴ്ചവെച്ചത്. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 28 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറോടെ 168 റണ്‍സാണ് താരം നേടിയത്. പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരവും സഞ്ജുവായിരുന്നു.

പരമ്പയിലെ അവസാന മത്സരത്തില്‍ ഏഴ് പന്തില്‍ നിന്ന് 16 റണ്‍സായിരുന്നു സഞ്ജു നേടിയത്. ഷമര്‍ പ്രിങ്ങറിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങുകയായിരുന്നു താരം.

ഇപ്പോള്‍ സഞ്ജുവിനെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ചേതേശ്വര്‍ പൂജാര. സഞ്ജു ഫോമിലല്ലെന്ന് പറയാന്‍ കഴിയില്ലെന്നും താരത്തിന്റെ ഫോം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുമെന്നും പൂജാര പറഞ്ഞു. എന്നാല്‍ ഒരു മികച്ച ഇന്നിങ്സ് മാത്രം മതി സഞ്ജുവിന് ഫോമിലേക്ക് തിരിച്ചെത്താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സഞ്ജുവിന് ഫോമിലല്ലെന്ന് പറയാനാകില്ല. ടി-20 ഫോര്‍മാറ്റില്‍ സഞ്ജു സാംസണ്‍ എങ്ങനെയുള്ള താരമാണെന്ന് നോക്കൂ, അവന്റെ ഫോം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. എന്നാല്‍ ഒരു മികച്ച ഇന്നിങ്സ് മാത്രം മതി അവന് ഫോമിലേക്ക് തിരിച്ചെത്താന്‍. അതിനാല്‍ അവന്‍ ഫോമിലല്ലെന്ന് പറയാനാവില്ല.

ടി-20 ഫോര്‍മാറ്റില്‍ പരാജയങ്ങള്‍ സ്വാഭാവികമാണ്. ടി-20യില്‍ ആരാണ് പുറത്താകാത്തത്? സ്ഥിരത തീര്‍ച്ചയായും വേണം. എന്നാല്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ കാര്യത്തില്‍ ടി-20യില്‍ സ്ഥിരതയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്,’ പൂജാര മത്സര ശേഷമുള്ള ചര്‍യില്‍ പറഞ്ഞു.

അതേസമയം ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരം മഴമൂലം ഒമ്പത് ഓവറാക്കി ചുരുക്കിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിങ്‌സ് 7.4 ഓവര്‍ പിന്നിടുമ്പോള്‍ മഴ വീണ്ടും വില്ലനായി എത്തിയതോടെയാണ് മത്സരം ഉപേക്ഷിച്ചത്.

മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയാണ് ഇഷാന്‍ കിഷന്‍ മടങ്ങിയത്. 10 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്. 300 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം.

Content Highlight: Cheteshwar Pujara Support Sanju Samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more