ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ ആണ് ചേതേശ്വര്‍ പൂജാര. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തനിക്കേറ്റുവാങ്ങേണ്ടിവന്ന സ്ലെഡ്ജിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് താരം. ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിലെ അഭിമുഖത്തിലായിരുന്നു പൂജാര മനസ് തുറന്നത്. 2018ലെയും 2021ലെയും പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ കളിക്കാര്‍ പലതവണ തന്നെ സ്ലെഡ്ജ് ചെയ്തിരുന്നു എന്ന് പൂജാര പറഞ്ഞു.
‘ഇങ്ങനെ ബാറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് ഐ.പി.എല്ലില്‍ പോലും അവസരം ലഭിക്കില്ല’എന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പരിഹസിച്ചതായി പൂജാര പറഞ്ഞു.
‘2018ലും 2020-21 പരമ്പരയിലും പലതവണ എനിക്ക് ഓസ്‌ട്രേലിയന്‍ കളിക്കാരില്‍ നിന്ന് ആ സ്ലെഡ്ജ് ലഭിച്ചിരുന്നു, ‘ഇങ്ങനെ ബാറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് ഐ.പി.എല്ലില്‍ പോലും അവസരം ലഭിക്കില്ല’. എന്നാല്‍ അവസരം ലഭിച്ചപ്പോള്‍, ആ ഓസ്ട്രേലിയന്‍ കളിക്കാരന്റെ അടുത്തേക്ക് തിരിച്ചുപോയി ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാലും നിങ്ങള്‍ക്ക് അതിന്റെ പ്രതിഫലം ലഭിക്കുമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിച്ചു,’ പൂജാര പറഞ്ഞു.
2021ലെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പൂജാരയെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. എന്നാല്‍ താരത്തിന് ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല.
ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ മറ്റ് ടീമുകളിലും പൂജാരയ്ക്ക് ഇടം നേടാന്‍ സാധിച്ചു. ഐ.പി.എല്‍ കരിയറില്‍ 30 മത്സരങ്ങളിലെ 22 ഇന്നിങ്‌സുകളില്‍ നിന്നും 390 റണ്‍സാണ് താരം സ്വന്തമാക്കിയത്. പഞ്ചാബിന് വേണ്ടി ഓപ്പണറായി ഇറങ്ങി 51 റണ്‍സ് നേടിയതാണ് താരത്തിന്റെ ഐ.പി.എല്ലിലെ മികച്ച പ്രകടനം.
അതേസമയം പൂജാര കഴിഞ്ഞ വര്‍ഷം ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെതായ കയ്യൊപ്പ് എഴുതിച്ചേര്‍ത്ത താരമാണ് പൂജാര.
2010ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ പൂജാര 2023 വരെയാണ് ഫോര്‍മാറ്റില്‍ കളിച്ചത്. 103 മത്സരങ്ങളിലെ 176 ഇന്നിങ്‌സില്‍ നിന്ന് 7195 റണ്‍സ് താരം നേടി. 206* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 43.6 എന്ന മികച്ച ആവറേജുമാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്. 19 സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളും പൂജാര ടെസ്റ്റില്‍ നിന്ന് സ്വന്തമാക്കി.
Content Highlight: Cheteshwar Pujara says he has had to face sledging from Australian players