| Sunday, 24th August 2025, 12:07 pm

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ചേതേശ്വര്‍ പൂജാര

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാര. തന്റെ സോഷ്യല്‍ മീഡിയയായ എക്‌സിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

‘ഇന്ത്യന്‍ ജേഴ്‌സി ധരിച്ച് ദേശീയ ഗാനം ആലപിച്ച്, ഓരോ തവണയും ഞാന്‍ കളത്തില്‍ ഇറങ്ങുമ്പോള്‍ എന്റെ പരമാവധി ഞാന്‍ ശ്രമിച്ചു. അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം വാക്കുകളില്‍ വിവരിക്കുന്നത് അസാധ്യമാണ്. പക്ഷേ അവര്‍ പറയുന്നതുപോലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു പര്യവസാനമുണ്ട്. അതിയായ നന്ദിയോടെ ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു. എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി,’ പൂജാര എക്‌സില്‍ കുറിച്ചു.

ഇന്ത്യക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെതായ കയ്യൊപ്പ് എഴുതിച്ചേര്‍ത്ത് താരമാണ് പൂജാര. 2010ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ പൂജാര 2023 വരെയാണ് ഫോര്‍മാറ്റില്‍ കളിച്ചത്. 103 മത്സരങ്ങളിലെ 176 ഇന്നിങ്‌സില്‍ നിന്ന് 7195 റണ്‍സ് താരം നേടി. 206* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 43.6 എന്ന മികച്ച ആവറേജുമാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്. 19 സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളും പൂജാര ടെസ്റ്റില്‍ നിന്ന് സ്വന്തമാക്കി.

ഏകദിനത്തില്‍ 2013 കാലത്ത് അരങ്ങേറിയ താരം വെറും അഞ്ച് മത്സരങ്ങളില്‍ നിന്ന് 51 റണ്‍സ് മാത്രമാണ് നേടിയത്. ഐ.പി.എല്ലില്‍ 30 മത്സരങ്ങളില്‍ നിന്ന് 390 റണ്‍സും താരം നേടി.

ഇന്ത്യക്കുവേണ്ടി ടെസ്റ്റില്‍ നിര്‍ണായക പ്രകടനമാണ് താരം തന്റെ കരിയറിലൂടെ നീളം കാഴ്ചവെച്ചത്. എന്നിരുന്നാലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തെ പലതവണ ടീമില്‍ നിന്ന് തഴഞ്ഞിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മുതല്‍ നിരവധി പരമ്പരകള്‍ ഇന്ത്യക്ക് വേണ്ടി വിജയിക്കാനും പൂജാരക്ക് സാധിച്ചു. 2023 ജൂണില്‍ ഓവലില്‍ ഓസ്‌ട്രേലിയക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.

സ്വന്തം നാട്ടില്‍ 3839 റണ്‍സാണ് റെഡ് ബോളില്‍ നിന്ന് താരം സ്വന്തമാക്കിയത്. വിദേശ പിച്ചുകളിലും ആധിപത്യം സ്ഥാപിച്ച് എതിരാളികളെ വിയര്‍പ്പിക്കാന്‍ മുന്‍പന്തിയിലായിരുന്നു പൂജാര. ഓസ്‌ട്രേലിയയില്‍ 2018-19 സീസണില്‍ തന്റെ മൂന്ന് സെഞ്ച്വറി കരുത്തില്‍ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആദ്യമായി വിജയിക്കാനും ചരിത്രം കുറിക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു.

Content Highlight: Cheteshwar Pujara Retired All Formats In Cricket

We use cookies to give you the best possible experience. Learn more