ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ക്രിക്കറ്റിലെ എല്ലാ ഫോര്‍മറ്റില്‍ നിന്നും അടുത്തിടെ സൂപ്പര്‍താരം ചേതേശ്വര്‍ പൂജാര വിരമിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കുവേണ്ടി ഒട്ടനവധി സംഭാവന നല്‍കിയ താരമായിരുന്നു പൂജാര. ഇപ്പോള്‍ ഇന്ത്യന്‍ സ്‌ക്വാഡിലെ മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളാണ് കെ.എല്‍. രാഹുല്‍ എന്ന് പറയുകയാണ് പൂജാര.
ടീമില്‍ നിലവിലുള്ള ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് രാഹുലെന്നും പരമ്പരാകത രീതിയില്‍ കളിക്കുന്ന രാഹുലിന്റെ സാങ്കേതികവിദ്യകളുടെ കഴിവ് മികച്ചതാണെന്നും പൂജാര പറഞ്ഞു. മാത്രമല്ല ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് രാഹുലിന് മികച്ചതായിരിക്കുമെന്നും മുന്‍ താരം പറഞ്ഞു.
K.L Rahul
‘നിലവില്‍ ടീമിലുള്ള ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ ഒരാളാണ് രാഹുല്‍. പരമ്പരാഗത രീതിയിലാണ് അദ്ദേഹം കളിക്കുന്നത്. അദ്ദേഹത്തിന്റെ സാങ്കേതികത നോക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും ശരിയായ കളിക്കാരില്‍ ഒരാളാണ് അദ്ദേഹം. കൂടാതെ, അദ്ദേഹം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് നല്ലതാണ്, അത് മുഴുവന്‍ ടീമിനും അടിത്തറ പാകും,’ പൂജാര പറഞ്ഞു.
2014ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ രാഹുല്‍ 63 മത്സരങ്ങളില്‍ നിന്ന് 3789 റണ്‍സ് നേടി. 35.4 എന്ന മികച്ച ആവറേജും 52.4 എന്ന സ്‌ട്രൈക്ക് റേറ്റും രാഹുലിനുണ്ട്. മാത്രമല്ല ഫോര്‍മാറ്റില്‍ 10 സെഞ്ച്വറികളും 19 അര്‍ധ സെഞ്ച്വറികളും രാഹുല്‍ നേടി.
അതേസമയം 2010ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ പൂജാര 2023 വരെയാണ് റെഡ് ബോളില്‍ കളിച്ചത്. 103 മത്സരങ്ങളിലെ 176 ഇന്നിങ്‌സില്‍ നിന്ന് 7195 റണ്‍സ് താരം നേടി. 206* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 43.6 എന്ന മികച്ച ആവറേജുമാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്. 19 സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളും പൂജാര ടെസ്റ്റില്‍ നിന്ന് സ്വന്തമാക്കി.
ഇതിനെല്ലാം പുറമെ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് 2025ലെ ഏഷ്യാ കപ്പിനാണ്. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്
Content Highlight: Cheteshwar pujara Praises K.L Rahul In Test Cricket