കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് താരങ്ങളില്‍ പ്രധാനിയായ ചേതേശ്വര്‍ പൂജാര വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളില്‍ കളത്തിലിറങ്ങിയ താരം 7,195 റണ്‍സും സ്വന്തമാക്കിയിരുന്നു. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ 500+ പന്തുകള്‍ നേരിട്ട ഏക ഇന്ത്യന്‍ താരവും പൂജാര തന്നെയാണ്.
ഇപ്പോള്‍ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടതിന് പിന്നാലെ തന്റെ കരിയറില്‍ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബൗളര്‍മാരെ കുറിച്ച് സംസാരിക്കുകയാണ് പൂജാര. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നാല് പേസര്‍മാരുടെ പേരുകളാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.
പ്രോട്ടിയാസ് സൂപ്പര്‍ താരങ്ങളായ ഡെയ്ല്‍ സ്റ്റെയ്ന്‍, മോണി മോര്‍ക്കല്‍, ക്രിക്കറ്റ് ലെജന്‍ഡ് ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് എന്നിവരുടെ പേരുകളാണ് ഇന്ത്യയുടെ റെഡ് ബോള്‍ മയീസ്‌ട്രോ പറഞ്ഞത്.
സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരെ, പ്രത്യേകിച്ച് സ്റ്റെയ്‌നിനും മോര്‍ക്കലിനുമെതിരെ പൂജാരയുടെ കണക്കുകള്‍ അത്ര കണ്ട് മികച്ചതല്ല. പ്രോട്ടിയാസിനെതിരെ കളിച്ച 17 മത്സരത്തില്‍ നിന്നും ഒറ്റ സെഞ്ച്വറി മാത്രമാണ് പൂജാരയ്ക്ക് കണ്ടെത്താന്‍ സാധിച്ചത്. ശരാശരിയാകട്ടെ 30.41ഉം. സൗത്ത് ആഫ്രിക്കയില്‍ അത് 28.15ലേക്ക് കുറഞ്ഞു.
സ്‌റ്റെയ്‌നിനെതിരെ 30 ആണ് പൂജാരയുടെ ബാറ്റിങ് ശരാശരി. മോര്‍ക്കലിനെതിരെയാകട്ടെ അത് 19ലേക്ക് വീണിരിക്കുകയാണ്. ആറ് തവണ ഇരു താരങ്ങളും പൂജാരയെ മടക്കിയിട്ടുണ്ട്.
ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും സക്‌സസ്ഫുള്‍ പേസറായ ജിമ്മിയും പൂജാരായെ തളച്ചവരില്‍ പ്രധാനിയാണ്. 12 തവണയാണ് ആന്‍ഡേഴ്‌സണോട് തോറ്റ് പൂജാര പുറത്തായത്. ഇംഗ്ലണ്ടിനെതിരെ 39.51 എന്ന മോശമല്ലാത്ത ബാറ്റിങ് ശരാശരിയുള്ള പൂജാരയുടെ ബാറ്റിങ് ശരാശരി ആന്‍ഡേഴ്‌സണ് മുമ്പില്‍ 21.80 മാത്രമാണ്.
കമ്മിന്‍സിനെതിരെയും പൂജാരയുടെ കണക്കുകള്‍ നിരാശപ്പെടുത്തുന്നതാണ്. 22.50 മാത്രമാണ് ബാറ്റിങ് ശരാശരി. അതേസമയം എട്ട് തവണ ഓസീസ് സ്പിയര്‍ഹെഡ് പൂജാരയെ മടക്കിയിട്ടുണ്ട്.
Content Highlight: Cheteshwar Pujara picks four toughest bowlers he faced during his career