| Friday, 13th March 2026, 8:49 am

മറ്റൊരു താരത്തിനുമാകാത്തത് ചെയ്യാന്‍ കെല്‍പുണ്ടായിട്ടും എന്തിന് എട്ടിലും ഒമ്പതിലും ഇറങ്ങുന്നു; ധോണിക്കെതിരെ ഇതിഹാസം

ആദര്‍ശ് എം.കെ.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് ഓര്‍ഡറില്‍ സ്വയം ഡീമോട്ട് ചെയ്യുന്ന എം.എസ്. ധോണിക്കെതിരെ വിമര്‍ശനവുമായി റെഡ് ബോള്‍ ലെജന്‍ഡ് ചേതേശ്വര്‍ പൂജാര. ധോണി എട്ടാം നമ്പറിലോ ഒമ്പതാം നമ്പറിലോ ഇറങ്ങുന്നത് ടീമിനും താരത്തിനും ദോഷകരമാകുമെന്നും മുന്‍ ആര്‍.സി.ബി താരം കൂടിയായ പൂജാര ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സീസണില്‍ കളിച്ച 14 മത്സരത്തില്‍ നിന്നും 135.17 എന്ന താരതമ്യേന മോശം സ്‌ട്രൈക് റേറ്റിലും 24.50 എന്ന ശരാശരിയിലും 196 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാന്‍ സാധിച്ചത്. ധോണിയുടെ പതര്‍ച്ച ടീമിലും പ്രകടനമായപ്പോള്‍ 14ല്‍ വെറും നാല് വിജയവുമായി സൂപ്പര്‍ കിങ്‌സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

എം.എസ്. ധോണി. Photo: Chennai Super Kings

ഐ.പി.എല്ലിന്റെ പുതിയ സീസണിന് മുന്നോടിയായാണ് പൂജാര ധോണിയുടെ ബാറ്റിങ് പൊസിഷനെ കുറിച്ച് സംസാരിച്ചത്. ജിയോ ഹോട്ട്‌സ്റ്റാറില്‍ നടന്ന ചര്‍ച്ചയിലാണ് പൂജാര തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

‘എം.എസ്. ധോണി എട്ടാം നമ്പറിലോ ഒമ്പതാം നമ്പറിലോ ബാറ്റിങ്ങിനിറങ്ങുന്നതില്‍ വലിയ അര്‍ത്ഥമുണ്ടെന്നൊന്നും ഞാന്‍ കരുതുന്നില്ല. ഒറ്റയ്ക്ക് മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിക്കാന്‍ പോന്ന താരമാണ് അദ്ദേഹം, സി.എസ്.കെയില്‍ മറ്റൊരു താരത്തിന് ചെയ്യാന്‍ സാധിക്കാത്തതാണ് അത്.

എം.എസ്. ധോണി. Photo: Chennai Super Kings

നിലവില്‍ അഞ്ചോ പത്തോ പന്തുകള്‍ മാത്രമേ കളിക്കുന്നുള്ളുവെങ്കില്‍ 25ഓ 30ഓ പന്തുകള്‍ കളിച്ചാല്‍ മഹി ഭായ്ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിച്ചുനോക്കൂ,’ പൂജാര പറഞ്ഞു.

ഐ.പി.എല്ലില്‍ മാര്‍ച്ച് 30നാണ് സൂപ്പര്‍ കിങ്‌സ് ആദ്യ മത്സരത്തിനിറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. രാജസ്ഥാന്റെ സെക്കന്‍ഡ് ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി.

സഞ്ജു സാംസണ്‍ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായുള്ള ആദ്യ മത്സരമാണിത്. ഇതില്‍ എതിരാളികളാകട്ടെ സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാനും. സഞ്ജുവിനെ ടീമിലെത്തിക്കാന്‍ പകരം നല്‍കിയ സൂപ്പര്‍ കിങ്‌സ് ലെജന്‍ഡും ടീമിന് അഞ്ചാം കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായ രവീന്ദ്ര ജഡേജ സൂപ്പര്‍ കിങ്‌സിനെതിരെ കളത്തിലിറങ്ങുന്നു എന്ന പ്രത്യേകതയും ഈ മാച്ചിനുണ്ട്.

Content Highlight: Cheteshwar Pujara on MS Dhoni’s batting position in Chennai Super Kings

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more