| Wednesday, 4th March 2026, 12:59 pm

അവന്റെ മാക്‌സിമം പന്തുകള്‍ അഭിഷേകിന് കൊടുത്തേക്കുക; സെമി ഫൈനലിന് മുമ്പ് സഞ്ജുവിനോട് പൂജാരയ്ക്ക് പറയാനുള്ളത്

ആദർശ് എം.കെ.

2026 ടി-20 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ആദ്യ സെമിയില്‍ ഇതുവരെ കിരീടം നേടാത്ത സൗത്ത് ആഫ്രിക്കയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമി ഫൈനലില്‍ രണ്ട് വീതം കിരീടങ്ങള്‍ സ്വന്തമാക്കിയ ഇംഗ്ലണ്ടും ഇന്ത്യയും മൂന്നാം കിരീടത്തിലേക്ക് ഒരടി കൂടി അടുക്കാന്‍ കൊമ്പുകോര്‍ക്കും.

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് ഇന്ത്യ – ഇംഗ്ലണ്ട് മത്സരം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ‘നോക്ക്ഔട്ട്’ മത്സരത്തില്‍ ഇന്ത്യയുടെ രക്ഷകനായ സഞ്ജു സാംസണില്‍ തന്നെയാകും ആരാധകര്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്. ഹൈ പ്രഷര്‍ സിറ്റ്വേഷനിലും ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ച സഞ്ജു സെമിയിലും തിളങ്ങുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ വിജയത്തിന് ശേഷം സഞ്ജു. Photo: BCCI

സെമിയില്‍ സഞ്ജു സാംസണ്‍ – ജോഫ്രാ ആര്‍ച്ചര്‍ സ്റ്റാര്‍ ബാറ്റിലിനും ആരാധകര്‍ സാക്ഷ്യം വഹിക്കും. സഞ്ജുവിനെ മെരുക്കാനുള്ള തന്ത്രവുമായെത്തുന്ന ആര്‍ച്ചറിനെതിരെ എന്ത് തന്ത്രമായിരിക്കണം ഇന്ത്യയും സഞ്ജുവും പയറ്റേണ്ടത് എന്ന് പറയുകയാണ് ഇന്ത്യന്‍ ലെജന്‍ഡ് ചേതേശ്വര്‍ പൂജാര.

ചേതേശ്വര്‍ പൂജാര

ആര്‍ച്ചറിന്റെ ഡെലിവെറികളെല്ലാം അഭിഷേക് ശര്‍മ നേരിടട്ടെ എന്നാണ് പൂജാര അഭിപ്രായപ്പെടുന്നത്. ആര്‍ച്ചര്‍ പന്തെറിയാനെത്തുമ്പോള്‍ സഞ്ജു സിംഗിള്‍ നേടി സ്‌ട്രൈക് റൊട്ടേറ്റ് ചെയ്യണമെന്നും മാക്‌സിമം പന്തുകള്‍ അഭിഷേക് ശര്‍മയ്ക്ക് നല്‍കണമെന്നുമാണ് പൂജാര പറയുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിം പ്ലാനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജുവിനെ ആര്‍ച്ചര്‍ ഷോര്‍ട്ട് ബോളുപയോഗിച്ച് ആക്രമിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ജോഫ്രാ ആര്‍ച്ചര്‍

‘എനിക്ക് തോന്നുന്നത് ജോഫ്രാ ആര്‍ച്ചര്‍ അത് തന്നെ ചെയ്യുമെന്നാണ്. ഈ ലോകകപ്പില്‍ അവന്‍ (ജോഫ്രാ ആര്‍ച്ചര്‍) നേടിയ വിക്കറ്റുകളെല്ലാം വലംകയ്യന്‍ ബാറ്റര്‍മാരുടേതായിരുന്നു. അതില്‍ ഭൂരിഭാഗവും ഷോര്‍ട്ട് ബോളുകളിലൂടെയും.

സഞ്ജു എന്തായിരിക്കണം ചെയ്യേണ്ടത്? സാധാരണയായി അവന്‍ ലെഗ് സ്റ്റംപിന് നേരെയാണ് നിലയുറപ്പിക്കാറുള്ളത്. എന്നാല്‍ ജോഫ്രാ ആര്‍ച്ചറിനെതിരെ എങ്ങനെയാണ് നിങ്ങള്‍ സ്‌കോര്‍ ചെയ്യുക? ഒന്ന്, കുറച്ച് സ്‌പേസ് സൃഷ്ടിച്ച് അവന്‍ പന്തെറിയാന്‍ തുടങ്ങുമ്പോള്‍ ലെഗ് സ്റ്റംപിന് പുറത്തേക്ക് മാറി ഷോട്ട് കളിക്കാന്‍ ശ്രമിക്കുക എന്നതാണ്.

എന്നാല്‍ സ്‌ട്രൈക് റൊട്ടേറ്റ് ചെയ്യാന്‍ ശ്രമിക്കുക എന്നതാണ് സഞ്ജുവിന് കുറച്ചുകൂടി നല്ല ഓപ്ഷനെന്നാണ് എനിക്ക് തോന്നുന്നത്. സാധ്യമായിടത്തോളം കൂടുതല്‍ പന്തുകള്‍ അഭിഷേകിന് നല്‍കണം. അവന്‍ ജോഫ്രാ ആര്‍ച്ചറെ അറ്റാക് ചെയ്യാന്‍ ശ്രമിക്കും,’ പൂജാര വ്യക്തമാക്കി.

ആര്‍ച്ചറിനെതിരെ അത്രകണ്ട് മികച്ച ട്രാക്ക് റെക്കോഡല്ല സഞ്ജുവിനുള്ളത്. 8.33 ശരാശരിയില്‍ 25 റണ്‍സ് മാത്രമാണ് സഞ്ജു ആര്‍ച്ചറിനെതിരെ നേടിയകത്. മൂന്ന് തവണ പുറത്താവുകയും ചെയ്തു.

Content highlight: Cheteshwar Pujara on how Sanju Samson should face Jofra Archer

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more