| Friday, 21st August 2026, 8:43 am

ഐ.പി.എല്ലിന്റെ പിന്നാലെ പോകരുത്; ആദ്യ ടെസ്റ്റിലെ മാച്ച് വിന്നറിന് ഉപദേശവുമായി ചേതേശ്വര്‍ പൂജാര

ആദർശ് എം.കെ.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ടീമിനെ 165 റണ്‍സിന്റെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ച യുവ സ്പിന്നര്‍ മാനവ് സുതറിനോട് ഐ.പി.എല്ലിന് പിന്നാലെ പോയി തന്റെ സ്വാഭാവിക ബൗളിങ് ശൈലി മാറ്റരുതെന്ന് ഇന്ത്യന്‍ ഇതിഹാസവും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായ ചേതേശ്വര്‍ പൂജാര.

സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ സംസാരിക്കവെയാണ് 24കാരന്‍ ഇടംകയ്യന്‍ സ്പിന്നറുടെ റെഡ് ബോള്‍ മികവിനെ പ്രശംസിച്ചുകൊണ്ട് പൂജാര സംസാരിച്ചത്.

ചേതേശ്വര്‍ പൂജാര. Photo: BCCI/x.com

‘അവന്റെ (മാനവ് സുതര്‍) സ്വാഭാവിക മികവിനെ ഇന്ത്യ സംരക്ഷിച്ചു നിര്‍ത്തണം. യുവതാരങ്ങള്‍ക്കെല്ലാം പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹമുണ്ടാകും. എന്നാല്‍ ഇന്ത്യ ഇവനെ ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് മാത്രമായി കാത്തുസൂക്ഷിക്കണം.

അവന്‍ ഐ.പി.എല്‍ കളിക്കാന്‍ ആഗ്രഹിച്ചേക്കാം, എന്നാല്‍ അതിന് പിന്നാലെ മാത്രം പോകരുത്. ഇനി ഐ.പി.എല്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ തന്നെ സ്വന്തം പ്രധാന ബൗളിങ് കരുത്ത് മാറ്റാന്‍ നില്‍ക്കരുത്,’ പൂജാര പറഞ്ഞു.

മാനവ് സുതര്‍. Photo: BCCI/x.com

‘വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് വരുമ്പോള്‍ കുറച്ചുകൂടി ഫ്‌ളാറ്റായി പന്തെറിയേണ്ടി വരും. അതിനാല്‍ ഐ.പി.എല്ലില്‍ അവസരം ലഭിച്ചാല്‍ കളിക്കുന്നതില്‍ തെറ്റില്ല, പക്ഷെ സ്വന്തം ശൈലിയില്‍ മാറ്റം വരുത്തരുത്.

മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിലും, പുതിയ പന്തിലും ധൈര്യത്തോടെ പന്തിന് ഫ്‌ളൈറ്റ് നല്‍കി കൃത്യമായ ലൈനിലും ലെങ്ത്തിലും പന്തെറിയാന്‍ അവന്‍ തയ്യാറായി. ഇന്ത്യക്ക് ദീര്‍ഘകാലത്തേക്ക് ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കുന്ന മികച്ചൊരു ഇടംകയ്യന്‍ സ്പിന്നറെയാണ് മാനവിലൂടെ ലഭിച്ചിരിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ മാനവ് ടെന്‍ഫര്‍ പൂര്‍ത്തിയാക്കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുമായാണ് തിളങ്ങിയത്.

ഈ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരെ ഒരു ഇന്ത്യന്‍ സ്പിന്നറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന നേട്ടവും സുതര്‍ സ്വന്തമാക്കിയിരുന്നു. ആര്‍. അശ്വിന്‍ അടക്കമുള്ള ഇതിഹാസങ്ങളുടെ നേട്ടങ്ങള്‍ പഴങ്കഥയാക്കിക്കൊണ്ടായിരുന്നു യുവതാരത്തിന്റെ പ്രകടനം.

നേരത്തെ ഈ വര്‍ഷം ആദ്യം ന്യൂ ചണ്ഡീഗഡില്‍ അഫ്ഗാനിസ്ഥാനെതിരായ അരങ്ങേറ്റ ടെസ്റ്റിലും താരം 5 വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു.

നിലവില്‍ ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായ മാനവിന് ഇതുവരെ 5 മത്സരങ്ങളില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളത്.

Content Highlight: Cheteshwar Pujara advises Manav Suthar not to change his natural bowling style.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more